ഒമാന്‍ ഉള്‍ക്കടലില്‍ ചരക്കു കപ്പലിന് തീപിടിച്ചു; രക്ഷകരായി ഇന്ത്യന്‍ നാവിക സേന

ഒമാന്‍ ഉള്‍ക്കടലില്‍ ചരക്കു കപ്പലിന് തീപിടിച്ചു; രക്ഷകരായി ഇന്ത്യന്‍ നാവിക സേന

മസ്‌കറ്റ്: ഒമാന്‍ ഉള്‍ക്കടലില്‍ ചരക്കു കപ്പലിന് തീപിടിച്ചു. ഇന്ത്യന്‍ നാവിക സേനയുടെ സമയോചിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി.

എംടി യി ചെങ് 6 എന്ന കപ്പലാണ് തീപ്പിടിച്ചത്. ദൗത്യ നിര്‍വഹണത്തിന്റെ ഭാഗമായി ഒമാന്‍ ഉള്‍ക്കടലിലുണ്ടായിരുന്ന ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് തബറിന് ചരക്കു കപ്പലില്‍ നിന്ന് അപായ സന്ദേശം ലഭിക്കുകയായിരുന്നു.

ഞായറാഴ്ച വൈകുന്നേരമാണ് കപ്പല്‍ അപകടത്തില്‍ പെട്ടെന്ന വിവരം ലഭിക്കുന്നത്. 13 ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥരും അഞ്ച് കപ്പല്‍ ജീവനക്കാരുമാണ് ഐഎന്‍എസ് തബറില്‍ ഉണ്ടായിരുന്നത്. സംഭവമറിഞ്ഞയുടന്‍ തന്നെ കപ്പല്‍ അപകടസ്ഥലത്തേക്ക് തിരിച്ച് തീ അണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നു.

തീ നിയന്ത്രണ വിധേയമാക്കിയതായും ആഘാതം കുറയ്ക്കാന്‍ കഴിഞ്ഞതായും ഇന്ത്യന്‍ നേവി പിന്നീട് സാമൂഹിക മാധ്യമമായ എക്സില്‍ അറിയിച്ചു. ഹെലികോപ്ടറും ബോട്ടും ഉപയോഗിച്ച് ജീവനക്കാരെ രക്ഷപ്പെടുത്തുകയും ചെയ്തു.

പലാവു ദ്വീപിന്റെ പതാകയേന്തിയ കപ്പലിന്റെ എന്‍ജിന്‍ റൂമില്‍ നിന്നാണ് തീ പടര്‍ന്നത്. ഇതേത്തുടര്‍ന്ന് കപ്പലിലെ വൈദ്യുതി പൂര്‍ണമായും തകരാറിലായി. ഗുജറാത്തിലെ കാണ്ട്ലയില്‍ നിന്ന് ഒമാനിലെ ഷിനാസിലേക്ക് പുറപ്പെട്ടതായിരുന്നു എംടി യി ചെങ് 6 എന്ന ചരക്കു കപ്പല്‍. ഇന്ത്യന്‍ വംശജരായ 14 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.