ടോക്യോ: റിയോ തത്സുകി എന്ന ജാപ്പനീസ് എഴുത്തുകാരിയുടെ പ്രവചനത്തെച്ചൊല്ലി ലോകമെമ്പാടും ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ജപ്പാന്‍ ആശങ്കയുടെ മുള്‍മുനയിലാണ്. 2025 ജൂലൈ അഞ്ചിന് ജപ്പാനില്‍ വലിയൊരു പ്രകൃതി ദുരന്തമുണ്ടാകുമെന്നാണ് റിയോ തത്സുകിയുടെ പ്രവചനം.
പ്രകൃതി ദുരന്തങ്ങള്‍, വിമാനാപകടങ്ങള്‍, മഹാമാരികള്‍, പ്രശസ്തരുടെ മരണം തുടങ്ങി പല കാര്യങ്ങളെക്കുറിച്ചും മുന്‍പും പ്രവചനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും പലതും പാഴ് പ്രവചനങ്ങളായിരുന്നു. എന്നാല്‍ ചിലത് സംഭവിച്ചിട്ടുമുണ്ടെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
2011 ലെ സുനാമിയെക്കുറിച്ച് തത്സുകി നടത്തിയ പ്രവചനം കൃത്യമായതാണ് അവരുടെ പ്രവചനത്തില്‍ കഴമ്പുണ്ടെന്ന് പലരും വിശ്വസിക്കാന്‍ കാരണം. കോമിക് ബുക്കുകളുടെയും ഗ്രാഫിക് നോവലുകളുടെയും (മാംഗ) എഴുത്തുകാരിയായ റിയോ തത്സുകി അവരുടെ സ്വപ്ന ജേണലുകളെ അടിസ്ഥാനമാക്കിയുള്ള 'വതാഷി ഗ മിത മിറായി' എന്ന മാംഗയിലാണ് 2011 മാര്‍ച്ചിലെ സുനാമിയെക്കുറിച്ച് കൃത്യമായി പ്രവചിച്ചത്. 1999 ലാണ് ഇത് പ്രസിദ്ധീകരിച്ചത്.
2021 ല്‍ പുറത്തിറക്കിയ മാംഗയുടെ മറ്റൊരു പതിപ്പില്‍ 2025 ജൂലൈ അഞ്ചിന് മറ്റൊരു വലിയ ദുരന്തം ഉണ്ടാകുമെന്നാണ് അവരുടെ വെളിപ്പെടുത്തല്‍. ഫിലിപ്പൈന്‍ കടലില്‍ നിന്നുള്ള ശക്തമായ സ്‌ഫോടനത്തെ തുടര്‍ന്ന് 2011 ല്‍ ഉണ്ടായ സുനാമിയുടെ മൂന്നിരട്ടി ഉയരമുള്ള ഒരു തിരമാല വരുമെന്നാണ് ഇതില്‍ പറയുന്നത്.
ഇതേ തുടര്‍ന്നുള്ള ഭീതി ജപ്പാന്റെ വിനോദ സഞ്ചാര മേഖലയെ കാര്യമായി ബാധിച്ചതായും പൊതുജനങ്ങളില്‍ ഇത് വലിയ ഉത്കണ്ഠയുണ്ടാക്കിയതുമായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ടൂറിസത്തില്‍ ഇടിവ് തുടരുകയാണെങ്കില്‍ 560 ബില്യണ്‍ യെന്‍ നഷ്ടമുണ്ടാകുമെന്ന് നോമുറ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സാമ്പത്തിക വിദഗ്ദ്ധര്‍ പറഞ്ഞു.
ഹോങ്കോങിലെ ഗ്രേറ്റര്‍ ബേ എയര്‍ലൈന്‍സ് പോലുള്ള വിമാനക്കമ്പനികള്‍ ബുക്കിങില്‍ 30 ശതമാനം ഇടിവ് വന്നതിനെ തുടര്‍ന്ന് വിമാന സര്‍വീസുകളുടെ എണ്ണം കുറച്ചു. ഏഷ്യയിലെ ഫെങ് ഷൂയി വിദഗ്ദ്ധരും ജൂണിനും ഓഗസ്റ്റിനും ഇടയില്‍ ഒരു വലിയ ഭൂകമ്പം പ്രവചിച്ചതും ആശങ്കയ്ക്ക് ആക്കം കൂട്ടുന്നുണ്ട്.
ഏറെ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യതയേറിയ രാജ്യമാണ് ജപ്പാന്‍. അതിനാല്‍ ഭൂകമ്പങ്ങളും സുനാമികളും പതിവായതിനാല്‍ ഇത്തരം പ്രവചനങ്ങള്‍ ജനങ്ങളില്‍ കൂടുതല്‍ വേഗത്തില്‍ പരിഭ്രാന്തി പരത്താനുള്ള സാധ്യത കൂടുതലാണ്.
എന്നാല്‍ വര്‍ധിച്ചു വരുന്ന ഈ പരിഭ്രാന്തിക്കിടയില്‍ ജനങ്ങളോട് ശാന്തത പാലിക്കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി ഇത്തരം പ്രവചനങ്ങളെ വിശ്വസനീയമല്ലെന്ന് സോഷ്യല്‍ മീഡിയയിലൂടെ ആവര്‍ത്തിക്കുമ്പോഴും ജനങ്ങള്‍ പ്രവചനത്തെ പൂര്‍ണമായി തള്ളുന്നില്ല.
ഒരു വിഭാഗം ആളുകള്‍ ഈ പ്രവചനത്തെ പേടിയോടെയാണ് കാണുന്നതെങ്കിലും മറ്റൊരു വിഭാഗം ആളുകള്‍ വരുന്നത് വരട്ടെ എന്ന പരിഹാസത്തോടെയാണ് ഈ പ്രവചനത്തെ നേരിടുന്നത്. കൂടാതെ തത്സുകിയുടെ ഉദേശങ്ങളെ ചോദ്യം ചെയ്യുന്നവരും ഏറെയാണ്.