വാഷിങ്ടണ്‍ ഡിസി : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ‘ബിഗ് ബ്യൂട്ടിഫുൾ’ ബജറ്റ് ബിൽ ജനപ്രതിനിധി സഭയിൽ പാസായി. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സഭയിൽ 218-214 വോട്ടിനാണ് ബിൽ പാസായത്. ബില്ലിൽ യുഎസിന്റെ സ്വാതന്ത്ര്യദിനമായ ഇന്ന് പ്രസിഡന്റ് ട്രംപ് ഒപ്പുവയ്ക്കും.
'വിജയം, വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ യുഎസ് കോൺഗ്രസിൽ പാസായി. ഇനി പ്രസിഡന്റ് ട്രംപിന്റെ മേശയിലേക്ക്‘ എന്ന് വൈറ്റ് ഹൗസ് എക്സിൽ കുറിച്ചു.
അതേസമയം, ക്രൂരമായ ബജറ്റ് ബിൽ എന്ന് മുൻ പ്രസിഡന്റ് ജോ ബൈഡൻ വിമർശിച്ചു. ദശലക്ഷക്കണക്കിന് അമേരിക്കക്കാരുടെ ആരോഗ്യ പരിരക്ഷ എടുത്തുകളയുന്നതാണ് ബില്ലെന്നും ശതകോടീശ്വരന്മാർക്ക് വൻ തോതിൽ നികുതി ഇളവ് നൽകുന്നതിനാണ് ട്രംപ് ലക്ഷ്യമിടുന്നതെന്നും അദേഹം കുറ്റപ്പെടുത്തി.
ചൊവ്വാഴ്ച സെനറ്റിൽ ബിൽ പാസായിരുന്നു. സെനറ്റിലെ 100 അംഗങ്ങളിൽ 50 പേർ അനുകൂലിച്ചും 50 പേർ എതിർത്തും വോട്ട് ചെയ്തു. സെനറ്റ് അധ്യക്ഷനായ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് അനുകൂലിച്ച് വോട്ടുചെയ്തതോടെയാണ് ബിൽ സെനറ്റ് കടന്നത്.