കീവ്: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫോണില്‍ സംസാരിച്ച് മണിക്കൂറുകള്‍ക്കകം ഉക്രെയ്‌നില്‍ കനത്ത വ്യോമാക്രമണം നടത്തി റഷ്യ. നിരവധി ഷെല്ലുകള്‍ കീവ് നഗരത്തില്‍ വീണു. 539 ഡ്രോണുകളും 11 ബാലിസ്റ്റിക് മിസൈലുകളും റഷ്യ വിക്ഷേപിച്ചതായി ഉക്രെയ്ന്‍ പറഞ്ഞു.
രാത്രിയിലുണ്ടായ ആക്രമണത്തില്‍ 23 പേര്‍ക്ക് പരിക്കേറ്റതായി പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു. റഷ്യന്‍ വ്യോമാക്രമണങ്ങളില്‍ സാധാരണക്കാരുടെ മരണ സംഖ്യ ഈ വര്‍ഷം ജനുവരിക്കും ജൂണിനും ഇടയില്‍ 50 ശതമാനം വര്‍ധിച്ചതായി ഈ മാസം പുറത്തിറങ്ങിയ ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട് പറയുന്നു.
പുടിനുമായി നടത്തിയ സംഭാഷണത്തില്‍ ഒരു പുരോഗതിയും ഉണ്ടായില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു. പിടിച്ചെടുത്ത എല്ലാ ഉക്രെയ്ന്‍ പ്രവിശ്യകളെയും റഷ്യ നിയന്ത്രിക്കുന്നത് പൂര്‍ണമായി അംഗീകരിക്കുക എന്നതായിരുന്നു പുടിന്റെ പ്രധാന ആവശ്യം.
വോളോഡിമിര്‍ സെലെന്‍സ്‌കിയെ ഉക്രെയ്ന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കുക, ഉക്രെയ്ന്‍ ഭരണഘടന ഭേദഗതി ചെയ്യുക, നാറ്റോ അംഗത്വം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും പുടിന്‍ ഉന്നയിച്ചു.
അതിനിടെ ഉക്രെയ്‌ന് അമേരിക്ക നല്‍കി വന്ന ധനസഹായവും ആയുധ വിതരണവും ട്രംപ് നിര്‍ത്തിയതോടെ റഷ്യന്‍ ആക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ പോലും പറ്റാത്ത സാഹചര്യത്തിലാണ് ഉക്രെയ്ന്.