അമേരിക്കയിലെ ടെക്‌സസിലെ മിന്നല്‍ പ്രളയം: മരണം 24 ആയി; പ്രളയം ഭയപ്പെടുത്തുന്നതെന്ന് ട്രംപ്

അമേരിക്കയിലെ ടെക്‌സസിലെ മിന്നല്‍ പ്രളയം: മരണം 24 ആയി; പ്രളയം ഭയപ്പെടുത്തുന്നതെന്ന് ട്രംപ്

ടെക്സസ്: അമേരിക്കയിലെ ടെക്‌സസിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണം 24 ആയി. വേനൽക്കാല ക്യാമ്പിൽ പങ്കെടുക്കാൻ പോയ 20 പെൺകുട്ടികൾ ഉൾപ്പെടെ നിരവധി പേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്.

ടെക്‌സസിലുണ്ടായ മിന്നല്‍ പ്രളയം ഭയപ്പെടുത്തുന്നതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. പ്രളയ ദുരന്തത്തിലുണ്ടായ നാശനഷ്ടങ്ങൾക്ക് സഹായം വാ​ഗ്ദാനം ചെയ്ത ട്രംപ് ടെക്‌സസ് ഗവര്‍ണറുമായി സംസാരിച്ചതായും മാധ്യമങ്ങളോട് പറഞ്ഞു.

ദുരന്തത്തിൽപെട്ടവർക്ക് സഹായം വാഗ്‌ദാനം ചെയ്തിട്ടുണ്ടെന്ന് ടെ‌ക്‌സസ് ഗവർണർ ഗ്രെഗ് ആബട്ട് അറിയിച്ചു. കാണാതായവരുടെ എണ്ണം സ്ഥിരീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് സാധിച്ചില്ലെങ്കിലും രാത്രി മുഴുവൻ രക്ഷാപ്രവർത്തനം നടത്തിയിരുന്നതായും അദേഹം കൂട്ടിച്ചേർത്തു.

237 പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായാണ് റിപ്പോർട്ട്. ഗ്വാഡലൂപ്പെ നദിയില്‍ 45 മിനിറ്റിനുളളില്‍ ജലനിരപ്പ് 26 അടിയായി ഉയര്‍ന്നതോടെയാണ് പ്രളയത്തിലേക്ക് മാറിയത്. പ്രദേശത്ത് തിരച്ചില്‍ പുരോഗമിക്കുകയാണ്. 14 ഹെലികോപ്റ്ററുകളും 12 ഡ്രോണുകളും ഒന്‍പത് രക്ഷാസേന സംഘവും അഞ്ഞൂറോളം രക്ഷാപ്രവര്‍ത്തകരുമാണ് സ്ഥലത്ത് തിരച്ചില്‍ നടത്തുന്നത്.

തദേശ സ്ഥാപനങ്ങളുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ടെക്‌സസ് സെനറ്റര്‍ ടെഡ് ക്രൂസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ടെക്‌സസിന് ആവശ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും ടെഡ് ക്രൂസ് വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.