മുംബൈ: നീണ്ട ഒരു വര്‍ഷം വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് ഭരണകൂടം വേട്ടയാടിയ ജെസ്യൂട്ട് വൈദികനും മനുഷ്യാവകാശ പ്രവർത്തകനുമായ ഫാ. സ്റ്റാന്‍ സ്വാമി മരണപ്പെട്ടിട്ട് ഇന്ന് നാല് വര്‍ഷം.
ജാര്‍ഖണ്ഡിലെ അവികസിതമായ ആദിവാസി മേഖലകളാണ് ഫാ. സ്റ്റാന്‍ സ്വാമി പ്രവര്‍ത്തന മണ്ഡലമായി തിരഞ്ഞെടുത്തത്. ആദിവാസി-ദളിത് പ്രശ്നങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു അദേഹം. ഇതിനിടെയാണ് പ്രമാദമായ ഭീമ- കൊറെഗാവ് കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘം അദേഹത്തെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യുന്നത്.
2020 ഒക്ടോബര്‍ എട്ടിനാണ് തമിഴ്‌നാട്ടുകാരനായ അദേഹത്തെ ജയിലിലടച്ചത്. ജയിലില്‍ പരസഹായമില്ലാതെ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു ഫാ. സ്റ്റാന്‍ സ്വാമി. 84-ാം വയസില്‍ ഒമ്പത് മാസത്തോളം ജയിലിലെ തണുത്ത തറയില്‍ കഴിയേണ്ടിവന്നു. പാര്‍ക്കിസണ്‍സ് രോഗം മൂലം കടുത്ത വിറയല്‍ ബാധിച്ച സ്വാമിക്ക് വെള്ളം കുടിക്കാന്‍ ഒരു സ്‌ട്രോയ്ക്കുവേണ്ടി കോടതിയുടെ കനിവ് തേടേണ്ടി വന്നു. ഭരണകൂടം അത്ര നീചമായിട്ടായിരുന്നു ആ വന്ദ്യവയോധികനെ വേട്ടയാടിയത്.
അസുഖങ്ങള്‍ മൂലം നരകിച്ച ഫാ. സ്റ്റാന്‍ ചികിത്സക്ക് ജാമ്യം തേടി നിരവധി തവണ കോടതി കയറിയിറങ്ങി. ഇടക്കിടെ ജെ.ജെ മെഡിക്കല്‍ കോളജില്‍ പേരിന് കൊണ്ടുപോയതല്ലാതെ നല്ല ചികിത്സ നല്‍കാന്‍ കോടതി തയാറായില്ല.
ഒടുവില്‍ നീതിയുടെ വാതിലുകള്‍ക്ക് മുന്നില്‍ മുട്ടിത്തളര്‍ന്ന ഫാ. സ്റ്റാന്‍ സ്വാമി ജാമ്യമാണ് വേണ്ടതെന്നും അല്ലെങ്കില്‍ ജയിലില്‍ കിടന്ന് മരിക്കാമെന്നും ആരോഗ്യശേഷി നശിച്ച് മരണം അടുത്തുവരികയാണെന്നും ബോംബെ ഹൈക്കോടതിയില്‍ തീര്‍ത്തുപറയുകയായിരുന്നു. എന്നാല്‍ മുഖവിലയ്‌ക്കെടുക്കാതെ പ്രതികാര ബുദ്ധിയോടെ പ്രവര്‍ത്തിക്കുകയായിരുന്നു ഭരണകൂടം.
ബാന്ദ്ര- ഹോളി ഫാമിലി ആശുപത്രിയില്‍ വച്ചായിരുന്നു നരഹത്യയ്ക്കു സമാനമായ ഫാ. സ്റ്റാനിന്റെ മരണം. ചോദ്യം ചെയ്യലില്‍ പലതവണ സത്യം ആവര്‍ത്തിച്ചിട്ടും കരുതികൂട്ടി ഫാ. സ്റ്റാന്‍ സ്വാമിയെ വേട്ടയാടുകയായിരുന്നു. ഇതിനെതിരെ ആഗോള തലത്തില്‍ വരെ പ്രതിഷേധത്തിന്റെ അലകള്‍ ഉയര്‍ന്നു. ഭാരത സഭയും തെരുവിലിറങ്ങി പ്രതിഷേധം അറിയിച്ചു. പിന്നാലെ സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അധികാരികള്‍ എല്ലാം കണ്ണടച്ച് ഇരുട്ടാക്കി ആ കരുണാര്‍ദ്ര ജീവിതത്തെ മണത്തിലേക്ക് തള്ളി വിട്ടൂ.