ഡമാസ്കസ്: ഡമാസ്കസിലെ ക്രിസ്ത്യൻ ദേവാലയത്തിലുണ്ടായ ചാവേർ ആക്രമണത്തിന്റെ ഭീതിയൊഴിയും മുമ്പേ ക്രൈസ്തവർക്കെതിരെ ഭീഷണിയുമായി തീവ്ര ഇസ്ളാമിക സംഘടന. സിറിയയിലെ ക്രൈസ്തവരെ പൂർണമായും ഉന്മൂലനം ചെയ്യും എന്നാണ് സരായ അൻസാർ അൽ സുന്ന എന്ന തീവ്ര ഇസ്ളാമിക സംഘടന ടെലിഗ്രാം വഴി പുറത്തിറക്കിയ ഭീഷണി സന്ദേശത്തിൽ പറയുന്നത്.
"നിങ്ങളുടെ പുരുഷന്മാരെ കൊല്ലുകയും സ്ത്രീകളെ വിധവകളാക്കുകയും കുട്ടികളെ അനാഥരാക്കുകയും ഇവിടെ ചൊരിയപ്പെടുന്ന നിങ്ങളുടെ രക്തം ഉപയോഗിച്ച് ഞങ്ങൾ ഞങ്ങളുടെ ദേശത്തെ മണ്ണ് നനയ്ക്കുകയും ചെയ്യും. വരാനിരിക്കുന്നത് കൂടുതൽ കഠിനവും കൂടുതൽ ഭയാനകവും കയ്പേറിയതുമാണെന്ന് അറിയുക. നിങ്ങളുടെ രക്തം വെള്ളപ്പൊക്കം പോലെ ഒഴുകും. നിങ്ങൾ എല്ലാവരും തുടച്ചുനീക്കപ്പെടും. മാർ ഏലിയാസ് ദേവാലയത്തില്‍ നടന്ന സംഭവം നിങ്ങളെ തുടച്ച് നീക്കുന്ന ദുരന്തങ്ങളുടെ ഒരു പരമ്പരയിലെ ആദ്യ പാഠമാണ്". സംഘടന ഭീഷണിയില്‍ പറയുന്നു.
മാർ ഏലിയാസ് ദേവാലയത്തില്‍ നടന്ന പ്രാര്‍ത്ഥനയ്ക്കിടെ ഇസ്ളാമിക തീവ്രവാദി നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 29 പേർ രക്തസാക്ഷികളാകുകയും 63 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരിന്നു. 2011 ൽ രാജ്യത്ത് ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഒരു പള്ളിയിൽ നടക്കുന്ന ആദ്യ ആക്രമണമായിരുന്നു ജൂൺ 22ന് നടന്നത്.