ടെക്സസ് മിന്നല്‍ പ്രളയം: മരണം 110 ആയി; കാണാമറയത്ത് 160ലധികം പേര്‍

ടെക്സസ് മിന്നല്‍ പ്രളയം: മരണം 110 ആയി; കാണാമറയത്ത് 160ലധികം പേര്‍

ടെക്സസ്: സെന്‍ട്രല്‍ ടെക്‌സസില്‍ പാഞ്ഞെത്തിയ പ്രളയ ജലം ഇതുവരെ കവര്‍ന്നത് 110 ജീവനുകള്‍. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് അബോട്ടാണ് ഔദ്യോഗികമായി മരണ സംഖ്യ അറിയിച്ചത്. വെള്ളപ്പൊക്കത്തില്‍ കാണാതായ 160 ലധികം പേര്‍ക്കായുള്ള തിരച്ചില്‍ അഞ്ചാം ദിവസത്തിലേക്ക് കടന്നു.

സ്ഥലത്ത് മഴ ഭീഷണി ഉള്ളതിനാൽ രക്ഷാപ്രവർത്തനം അല്പം ദുഷ്‌കരമാണ്. ഹെലികോപ്റ്ററുകളും നിരീക്ഷണ ക്യാമറകളും ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. വരും ദിവസങ്ങളിൽ മഴ കനക്കുമെന്നാണ് റിപ്പോർട്ടുകൾ.

സംസ്ഥാന തലസ്ഥാനമായ ഓസ്റ്റിന് പടിഞ്ഞാറ് വെള്ളപ്പൊക്ക സാധ്യതയുള്ള ഹില്‍ കണ്‍ട്രിയില്‍ സ്ഥിതി ചെയ്യുന്ന കെര്‍ കൗണ്ടിയെയാണ് ദുരന്തം കൂടുതല്‍ ബാധിച്ചത്. ഇവിടെ നിന്ന് മാത്രമായി 87 മൃതദേഹങ്ങളാണ് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. 22 മുതിര്‍ന്നവരെയും 10 കുട്ടികളെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.

ക്രിസ്ത്യൻ വേനൽക്കാല ക്യാമ്പിൽ (ക്യാമ്പ് മിസ്റ്റിക്) പങ്കെടുത്തവരിൽ 27 പെൺകുട്ടികളും ജീവനക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. അഞ്ച് ക്യാമ്പർമാരെയും ഒരു മുതിർന്ന വ്യക്തിയെയും ഇപ്പോഴും കാണാനില്ല. ജലനിരപ്പ് ഉയർന്നതോടെ ന്യൂമെക്സിക്കോയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ജനാലകളിലൂടെ വെള്ളം ഒഴുകുന്നത് കേട്ടാണ് തങ്ങള്‍ ഉണര്‍ന്നതെന്ന് അതിജീവിച്ചവര്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.