വത്തിക്കാൻ സിറ്റി: റഷ്യ - ഉക്രെയ്ന്‍ സമാധാന ചര്‍ച്ചയ്ക്ക് ആതിഥേയത്വം വഹിക്കാന്‍ വത്തിക്കാന്‍ തയാറാണെന്ന് ലിയോ പതിനാലാമൻ മാര്‍പാപ്പ. ഉക്രെയ്ന്‍ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയുമായുള്ള കൂടിക്കാഴ്ചയില്‍ സ്ഥിര സമാധാനമാണ് ഉടന്‍ വേണ്ടതെന്ന് മാര്‍പാപ്പ പറഞ്ഞു.
തടവുകാരുടെ മോചനത്തിനും പ്രശ്ന പരിഹാരം ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങളെയും പാപ്പ പ്രോത്സാഹിപ്പിച്ചു. സമാധാന ചർച്ചകൾക്കായി വത്തിക്കാനിൽ റഷ്യയുടെയും ഉക്രെയ്ന്റെയും പ്രതിനിധികളെ സ്വീകരിക്കാനുള്ള വത്തിക്കാന്റെ സന്നദ്ധതയും പാപ്പ വാഗ്‌ദാനം ചെയ്തു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച ഏകദേശം 30 മിനിറ്റ് നീണ്ടുനിന്നു.
കാസിൽ ഗാൻഡോൾഫോയിലെ വേനൽക്കാല വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്‌ച. രണ്ട് മാസത്തിനുള്ളില്‍ രണ്ടാം തവണയാണ് ലിയോ മാര്‍പാപ്പ വൊളൊഡിമിർ സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്തുന്നത്. മാര്‍പാപ്പയായതിന് പിന്നാലെ വത്തിക്കാനില്‍ മേയ് 18 നായിരുന്നു ഇരുവരുടെയും ആദ്യ കൂടിക്കാഴ്ച.