മെൽബൺ: മെൽബൺ സീറോ മലബാർ വിശ്വാസികൾക്ക് സ്വന്തമായി ഒരു ഇടവക ദേവാലയം കൂടി. മെൽബൺ സൗത്ത് ഈസ്റ്റിൽ നിർമിച്ച വിശുദ്ധ തോമാസ്ലീഹായുടെ നാമദേയത്തിലുള്ള ഇടവക ദേവാലയത്തിന്റെ കൂദാശ കർമ്മം സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിർവഹിച്ചു.
കൂദാശകർമത്തിനും ദിവ്യബലിക്കും മേജർ ആർച്ച് ബിഷപ്പ് മുഖ്യകാർമികനായി. മെൽബൺ രൂപത ബിഷപ്പ് മാർ ജോൺ പനംതോട്ടത്തിൽ, മെൽബൺ രൂപത പ്രഥമ ബിഷപ്പ് മാർ ബോസ്‌കോ പുത്തൂർ എന്നിവർ സഹകാർമ്മികരായി.
ഓസ്ട്രേലിയയിലെ വിവിധ രൂപതകളിലും മെൽബൺ സീറോ മലബാർ രൂപതയിലും സേവനം ചെയ്യുന്ന വൈദികർ, മെൽബൺ സീറോ മലബാർ രൂപതയിലെ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നുമുള്ള പ്രതിനിധികൾ, ഓസ്ട്രേലിയയിലെ ഫെഡറൽ-സ്റ്റേറ്റ് മന്ത്രിമാർ, എം.പിമാർ, സാമൂഹിക-രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും ഉൾപ്പെടെ 2,000 ഓളം പേർ കൂദാശകർമ്മത്തിൽ പങ്കെടുത്തു.

ദിവ്യബലിയിൽ നിന്ന്
'ഒരുപാട് സന്തോഷമുള്ള ദിവസമാണിന്ന്. ഏത് രൂപതക്കൊപ്പവും തലയയുർത്തി നിൽക്കാൻ മെൽബൺ രൂപതയ്ക്ക് ഇപ്പോൾ സാധിക്കും. സുവിശേഷത്തിലെ കടുകുമണിയുടെ ഉപമ മെൽബൺ രൂപതയെ സംബന്ധിച്ചിടത്തോളം അർത്ഥസമ്പുഷ്ടമാണ്. ഏറ്റവും ചെറുതായ കടുകുമണി നിലത്ത് വീണ് വളർന്ന് വലുതായപ്പോൾ അതിന്റെ ശിഖിരത്തിൽ ധാരളം പക്ഷികൾ കൂടുകൂട്ടി. അത് പോലെ തന്നെയാണ് മേൽബൺ രൂപത'- മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പറഞ്ഞു.

'ദേവാലയം മൂന്ന് തരത്തിൽ നമ്മുടെ ആത്മീയ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുകയാണ്. ദേവാലയം ഒന്നാമതായി സൂചിപ്പിക്കുന്നത് നമ്മുടെ വ്യക്തിപരമായ ജീവിതത്തെയാണ്. നമ്മുടെ വ്യക്തി ജീവിതത്തെ ദേവാലയം ആക്കി മാറ്റണം. ദേവാലയം നമ്മുടെ പൊതു ഭവനമാണ്. നമ്മുടെ വ്യക്തി ജീവിതങ്ങളിലേക്കുള്ള കർത്താവിന്റെ സ്നേഹ സഹവാസത്തിന്റെ പ്രതീകമാണ്'- മാർ റാഫേൽ തട്ടിൽ പറഞ്ഞു.
'രണ്ടാമത് കുടുംബമാണ്. കുടുംബത്തെ സഭയാക്കി വളർത്തണം. ഈ നാട്ടിലേക്ക് വന്നത് ഒരു മിഷണറിയായാണെന്ന കാഴ്ചപ്പാടിൽ മുന്നോട്ട് പോകണം. സഭ ആദ്യമായി സ്ഥാപിതമായത് കുടുംബങ്ങളിലാണെന്ന് മറക്കരുത്. കുടുംബം സഭയാണെന്ന് വത്തിക്കാൻ സൂനഹദോസ് തന്നെ പറയുന്നുണ്ട്. നമ്മുടെ മക്കളെ സഭയുടെ മക്കളായി വളർത്തേണ്ടത് കുടുംബങ്ങളിലൂടെയാണ്. വിശ്വാസത്തിന്റെ വെളിച്ചത്തെ ക്രിത്യതയോടെയും വ്യക്തിതയോടെയും നോക്കി കാണാൻ കുടുംബങ്ങളിൽ സാധിക്കണം'- മേജർ ആർച്ച് ബിഷപ്പ് പറഞ്ഞു.

ഇടവക ജനം
'മൂന്നാമതായി ഐഡന്റിറ്റിയാണ്. നമ്മുടെ ഐഡന്റിറ്റി നാം നഷ്ടപ്പെടുത്താൻ പാടില്ല. നമ്മുടെ പൈതൃകവും ആചാരങ്ങളും കാത്ത് സൂക്ഷിക്കണം. അവ നമ്മുടെ അപ്പസ്തോലിക പരമ്പര്യത്തിന്റെ അടയാളമാണ്. കുടുംബ പ്രാർത്ഥനയും വ്യക്തിപരമായ വിശുദ്ധിയും കാത്ത് സൂക്ഷിക്കാൻ സാധിക്കട്ടെ'- മാർ റാഫേൽ തട്ടിൽ പറഞ്ഞു. ദേവാലയ നിർമാണത്തിനായി അഹോരാത്രം പണിയെടുത്തവരെയും അതിന് നേതൃത്വം നൽകിയവരെയും അഭിനന്ദിച്ചുകൊണ്ടാണ് മാർ റാഫേൽ തട്ടിൽ തന്റെ വചന സന്ദേശം അവസാനിപ്പിച്ചത്.
രാവിലെ ഒമ്പത് മണിക്ക് ദേവാലയ അങ്കണത്തിലെത്തിയ മാർ റാഫേൽ തട്ടിലിനെ രൂപത വികാരി ജനറാളും ഇടവക വികാരിയുമായ മോൺ. ഫ്രാൻസിസ് കോലഞ്ചേരിയുടെ നേതൃത്വത്തിൽ കൈക്കാരന്മാരും ഇടവക സമൂഹവും ചേർന്ന് സ്വീകരിച്ചു. ദേവാലയ കൂദാശയുടെ ശിലാഫലകം അദേഹം അനാച്ഛേദനം ചെയ്തു. തിരുക്കർമ്മങ്ങൾക്ക് ശേഷം ദേവാലയ കൂദാശയോടനുബന്ധിച്ച് തയ്യാറാക്കിയിരിക്കുന്ന സുവനീയറിന്റെയും തീം സോങ്ങിന്റെയും പ്രകാശന കർമവും നടന്നു.
2013 ഡിസംബർ 23 നാണ് ഫ്രാൻസിസ് മാർപാപ്പ മെൽബൺ ആസ്ഥാനമായി ഇന്ത്യക്ക് പുറത്തെ രണ്ടാമത്തെ സീറോ മലബാർ രൂപതയായി മെൽബൺ രൂപത പ്രഖ്യാപിച്ചത്. മെൽബൺ സീറോ മലബാർ രൂപതയിൽ പണി പൂർത്തീകരിച്ച ഏഴാമത്തെ ദേവാലയമാണ് മെൽബൺ സൗത്ത് ഈസ്റ്റ് സെന്റ് തോമസ് ഇടവക ദേവാലയം.

മെൽബൺ സൗത്ത് ഈസ്റ്റ് സെന്റ് തോമസ് ദേവാലയം
മെൽബൺ സീറോ മലബാർ രൂപതയിലെ ഏറ്റവും വലിയ ഇടവകകളിലൊന്നായ, ആയിരത്തിഒരുന്നൂറോളം കുടുംബങ്ങളുള്ള മെൽബൺ സൗത്ത് ഈസ്റ്റ് ഇടവകയിലെ വിശ്വാസീസമൂഹത്തിന്റെ കഴിഞ്ഞ ദീർഘനാളത്തെ പ്രാർത്ഥനയുടെയും ത്യാഗത്തിന്റെയും കൂട്ടായ്മയുടെയും സാമ്പത്തിക സഹകരണത്തിന്റെയും ഫലമാണ് പുതിയ ദേവാലയം.
കഴിഞ്ഞ ദിവസം പാസ്റ്ററൽ സെന്റർ സന്തോവ് ഗ്രോവിന്റെ ഉദ്ഘടനവും നടന്നിരുന്നു