വാഷിങ്ടൺ ഡിസി: യൂറോപ്യൻ യൂണിയനിൽ നിന്നും മെക്സിക്കോയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് 30 ശതമാനം അമേരിക്ക താരിഫ് നിരക്ക് ഏർപ്പെടുത്തുമെന്ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. പുതുക്കിയ നിരക്ക് ഓഗസ്റ്റ് ഒന്ന് മുതൽ നിലവിൽ വരുമെന്നും ട്രംപ് അറിയിച്ചു. തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ വഴിയായിരുന്നു ട്രംപിൻ്റെ പ്രഖ്യാപനം.
യൂറോപ്യൻ കമ്മീഷനും യുഎസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീറും ഇരു വിഭാഗത്തിനും സ്വീകാര്യമാകുന്ന താരിഫിലെത്താൻ കുറച്ചുമാസങ്ങളായി ചർച്ചയിൽ ഏർപ്പെട്ടിരുന്നു.
ഓഗസ്റ്റ് ഒന്നിന് മുമ്പ് വാഷിങ്ടണുമായി ഒരു കരാറിൽ ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്നതായി 27 അംഗ യൂറോപ്യൻ യൂണിയൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിൻ്റെ താരിഫ് പ്രഖ്യാപനം. ജപ്പാൻ, ദക്ഷിണ കൊറിയ, കാനഡ, ബ്രസീൽ എന്നിവിടങ്ങളിൽ നിന്നുള്ള സാധനങ്ങൾക്കും ഓഗസ്റ്റ് ഒന്ന് മുതൽ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപ് അറിയിപ്പ് നൽകിയിരുന്നു.
ട്രംപിൻ്റെ പ്രഖ്യാപനത്തോട് തനിക്ക് കടുത്ത വിയോജിപ്പുണ്ടെന്ന് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ന്യായമായ ഒരു കരാറിലെത്താൻ കഴിയുമെന്ന് വിശ്വസിക്കുന്നതായി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും അറിയിച്ചു.