വാഷിങ്ടൺ ഡിസി: ലോക ചരിത്രത്തിൽ ആദ്യമായി നടത്തിയ പരീക്ഷണ ആണവ സ്‌ഫോടനത്തിന്റ 80ാം വാര്‍ഷിക ദിനത്തില്‍ ആണവ നിരായുധീകരണത്തിനും സമാധാനത്തിനും വേണ്ടിയുള്ള പ്രാര്‍ത്ഥനകളുമായി അമേരിക്കയിലെ സാന്താ ഫെ രൂപത. 1945 ജൂലൈ 16 ന് പുലര്‍ച്ചെ 5.29 നാണ് ന്യൂ മെക്‌സിക്കോയിലെ ജോർണാഡ ഡെൽ മുറെറ്റോ മരുഭൂമിയിലാണ് ട്രിനിറ്റി എന്ന നാമത്തില്‍ ആദ്യ ആണവ പരീക്ഷണം നടത്തിയത്.
ഇന്ന് പുലര്‍ച്ചെ 5. 29 ന് ദേവാലയ മണികള്‍ മുഴക്കിക്കൊണ്ട് സാന്താ ഫെ രൂപതയിലെ ദേവാലയങ്ങള്‍ ദുഖകരമായ നാഴികക്കല്ലിന്റെ ഓര്‍മ പുതുക്കി. സാന്താ ഫെ അതിരൂപത ആര്‍ച്ച് ബിഷപ് ജോണ്‍ സി. വെസ്റ്റ, ലാസ് ക്രൂസസിലെ ബിഷപ്പ് പീറ്റര്‍ ബാല്‍ഡാച്ചിനോ, ഗാലപ്പിലെ ബിഷപ്പ് ജെയിംസ് വാള്‍ എന്നിവർ ആണവ പരീക്ഷണം നടത്തിയ സ്ഥലത്ത് സ്വകാര്യ പ്രാര്‍ത്ഥന നടത്തും. തിരഞ്ഞെടുക്കപ്പെട്ട വിശ്വാസികള്‍ പ്രാര്‍ത്ഥനയില്‍ പങ്കുചേരും.
യുദ്ധങ്ങള്‍ അവസാനിക്കുന്നതിനും ആണവ വിനാശ ഭീഷണിയില്‍ നിന്ന് സംരക്ഷണം ലഭിക്കുന്നതിനുമായി ഒരുമിച്ച് പ്രാര്‍ത്ഥിക്കുമെന്ന് ആര്‍ച്ച് ബിഷപ്പ് ജോണ്‍ സി വെസ്റ്റ പറഞ്ഞു. കര്‍മല മാതാവിന്റെ തിരുനാള്‍ ദിനം കൂടെയായ ഈ ദിവസത്തെ ദിവ്യബലിയില്‍ സമാധാനത്തിനും ആണവായുധങ്ങള്‍ ഇല്ലാതാക്കുന്നതിനുമുള്ള പ്രാര്‍ത്ഥനകള്‍ കൂടെ ഉള്‍പ്പെടുത്താന്‍ സാന്താ ഫെ അതിരൂപത വൈദികരോട് ആവശ്യപ്പെട്ടിട്ടുണ്ട്.