ന്യൂഡൽഹി: വോട്ടർ പട്ടികയിലെ ക്രമക്കേടിൽ പ്രതിഷേധം ശക്തമാക്കാൻ ഇന്ത്യ സഖ്യം. രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ടർ പട്ടിക തട്ടിപ്പ് ആരോപണത്തെ ചർച്ചയാക്കാനും പ്രധാന വിഷയമായി ഉയർത്താനുമാണ് ധാരണ. ഇൻഡ്യ സഖ്യത്തിന്റെ നേതൃത്വത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് വൻ പ്രതിഷേധം സംഘടിപ്പിക്കും. നാളെ രാവിലെ 11.30ന് പാർലമെന്റിൽ നിന്നും ആരംഭിക്കുന്ന മാർച്ചിന് രാഹുൽ ഗാന്ധി നേതൃത്വം നൽകും.
മാർച്ചിന് ശേഷം നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ചർച്ച ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിഷയം മുൻനിർത്തി വിവിധ ഭാഷകളിൽ തയ്യാറാക്കിയ പ്ലക്കാർഡുകളും നേതാക്കൾ ഉയർത്തും. വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലുകളെ ഏറ്റെടുത്തിരിക്കയാണ് ഇന്ത്യ സഖ്യത്തിലെ കക്ഷികൾ.
അതേസമയം എംപിമാർക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ തിങ്കളാഴ്ച അത്താഴ വിരുന്നൊരുക്കുന്നുണ്ട്. വിരുന്നിൽ രാഹുൽ ഗാന്ധി നടത്തിയ വെളിപ്പെടുത്തലിലെ കാര്യങ്ങൾ ചർച്ച ചെയ്യും.
അതിനിടെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ജനപിന്തുണ തേടി രാഹുൽ ഗാന്ധി ക്യാമ്പെയ്‌ന് തുടക്കമിട്ടു. ഇതിനായി 'വോട്ട്‌ചോരി ഡോട്ട് ഇന്‍' എന്ന പേരില്‍ വെബ്‌സൈറ്റിന് തുടക്കമിട്ടു. വെബ്‌സൈറ്റില്‍ 'വോട്ട് ചോരി പ്രൂഫ്, ഡിമാന്‍ഡ് ഇസി (ഇലക്ഷന്‍ കമ്മീഷന്‍) അക്കൗണ്ടബിലിറ്റി, റിപ്പോര്‍ട്ട് വോട്ട് ചോരി' എന്നിങ്ങനെ മൂന്ന് ഒപ്ഷനുകളുണ്ട്.
ഇതില്‍ വോട്ട് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് എന്തെങ്കിലും അനുഭവമുണ്ടെങ്കില്‍ അതേപ്പറ്റി ജനങ്ങള്‍ക്ക് തുറന്നെഴുതാവുന്നതാണ്. കോണ്‍ഗ്രസാണ് ക്യാമ്പെയ്‌ന് തുടക്കമിട്ടിരിക്കുന്നത്. ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള ഒത്തുകളിയിലൂടെ വലിയ തട്ടിപ്പാണ് നടക്കുന്നതെന്ന് രാഹുല്‍ ഗാന്ധി വീഡിയോയില്‍ പറയുന്നു.