ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിൽ മൂന്ന് പേരുടെ ദാരുണ മരണത്തിനിടയാക്കിയ ട്രെയിലർ ഡ്രൈവർ അനധികൃത കുടിയേറ്റക്കാരനെന്ന് കണ്ടെത്തൽ. ട്രെയിലറിൻ്റെ ഡ്രെവറായ ഹർജിന്ദർ സിങ് രാജ്യത്ത് അനധികൃതമായി താമസിച്ചു വരികയായിരുന്നു.
ഹൈവേയിൽ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന മീഡിയൻ പാസിലൂടെ ട്രെയിലർ ലോറി അശ്രദ്ധമായി യൂടേൺ എടുക്കുന്നതിനിടെ മിനിവാൻ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കാറിലുണ്ടായിരുന്ന മൂവരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിക്കുകയും ചെയ്തു. അപകടത്തിൻ്റെ നടുക്കുന്ന ദൃശ്യങ്ങൾ ട്രെയിലറിനുള്ളിലെ കാമറയിൽ പതിഞ്ഞു.
ഇടിയുടെ ആഘാതത്തിൽ മിനിവാൻ ട്രെയിലറിനടിയിൽ കുടുങ്ങിയത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. ഹൈഡ്രോളിക് ജാക്കി അടക്കം ഉപയോഗിച്ച് വാൻ പുറത്തെടുത്ത ശേഷമാണ് യാത്രക്കാരെ പുറത്തിറക്കിയത്. രണ്ടുപേർ സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടു. ഗുരുതര പരിക്കുകളോടെ ഡ്രൈവറെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
പോംപനോ ബീച്ച് സ്വദേശിയായ 37കാരി, ഫ്ലോറിഡ സിറ്റി സ്വദേശിയായ 30കാരൻ, മിയാമി സ്വദേശിയായ 54കാരൻ എന്നിവർക്കാണ് ജീവൻ നഷ്ടമായത്. മിനിവാനിൻ്റെ മുകൾ ഭാഗം അടക്കം തകർന്നതും വിവിധ ഭാഗങ്ങൾ റോഡിൽ ചിതറിക്കിടക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
2018 ൽ മെക്സിക്കൻ അതിർത്തി വഴി നിയമ വിരുദ്ധമായാണ് ഹർജീന്ദർ സിങ് അമേരിക്കൽ എത്തിയത്. ഇയാളുടെ കൈവശം കാലിഫോർണിയയിൽ കൊമേഴ്‌സ്യൽ ഡ്രൈവിംഗ് ലൈസൻസുണ്ട്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ നാടുകടത്തുന്നതിന് മുമ്പ് ഫ്ലോറിഡയിൽ പതിറ്റാണ്ടുകളോളം ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വരും.