അണക്കെട്ടുകള്‍ തുറക്കുമെന്ന ഇന്ത്യയുടെ മുന്നറിയിപ്പിന് പിന്നാലെ ഒന്നര ലക്ഷം ആളുകളെ ഒഴിപ്പിച്ച് പാകിസ്ഥാന്‍

അണക്കെട്ടുകള്‍ തുറക്കുമെന്ന ഇന്ത്യയുടെ മുന്നറിയിപ്പിന് പിന്നാലെ ഒന്നര ലക്ഷം ആളുകളെ ഒഴിപ്പിച്ച് പാകിസ്ഥാന്‍

ഇസ്ലമാബാദ്: കനത്ത മഴയില്‍ അതിര്‍ത്തി പ്രദേശങ്ങളിലെ അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് അണക്കെട്ടുകള്‍ തുറക്കുമെന്ന് പാകിസ്ഥാന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് നിരവധി കര്‍ഷകര്‍ ഉള്‍പ്പെടെ ഒന്നര ലക്ഷത്തോളം ആളുകളെ പാകിസ്ഥാന്‍ ഒഴിപ്പിച്ചു.

പഞ്ചാബിലെ മധോപൂര്‍, രഞ്ജിത്ത് സാഗര്‍ അണക്കെട്ടുകള്‍ അടിയന്തരമായി തുറക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയത്. ഇതിന് പിന്നാലെ സത്ലജ്, രവി, ചെനാബ് നദിക്കരകളില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങളിലെ ഒന്നര ലക്ഷത്തോളം ആളുകളെയാണ് പാകിസ്ഥാന്‍ ഒഴിപ്പിച്ചത്.

രഞ്ജിത്ത് സാഗര്‍ അണക്കെട്ട് നിലവില്‍ തുറന്ന് കഴിഞ്ഞു. മധോപൂര്‍ അണക്കെട്ട് താമസിയാതെ തുറക്കുമെന്നാണ് വിവരം. ആഴ്ചകളായി തുടരുന്ന കനത്ത മഴയും തുടര്‍ന്ന് രൂക്ഷമായ വെള്ളപ്പൊക്കവും കാരണം ഇരു രാജ്യങ്ങളും പ്രതിസന്ധിയിലാണ്.

അണക്കെട്ടുകള്‍ നിറഞ്ഞതിനാല്‍ തുറന്ന് വിടുകയല്ലാതെ മറ്റ് മാര്‍ഗമില്ല. കനത്ത പ്രളയമുണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്താണ്, ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായി നില്‍ക്കുന്ന സാഹചര്യത്തിലും ഇന്ത്യ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയത്.

ജമ്മു കാശ്മീരിലെ ഒട്ടുമിക്ക നദികളും തടാകങ്ങളും കരകവിഞ്ഞൊഴുകുകയാണ്. പഞ്ചാബ് പ്രവിശ്യയിലെ വിവിധ പ്രദേശങ്ങളിലും സമാന സ്ഥിതിയാണ്. ഇന്ത്യ രണ്ടാമത് മുന്നറിയിപ്പ് നല്‍കുന്നതിന് മുന്‍പെ തന്നെ തങ്ങള്‍ ഒഴിപ്പിക്കല്‍ നടപടി ആരംഭിച്ചുവെന്നാണ് പാകിസ്ഥാന്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റി അധധികൃതര്‍ പറഞ്ഞു.

ഏകദേശം 34000 ആളുകള്‍ സ്വമേധയാ ഒഴിഞ്ഞപോയി. ജനങ്ങളെ സഹായിക്കുന്നതിനായി സൈനികരെയും വിന്യസിച്ചിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ പാകിസ്ഥാനില്‍ 800 പേര്‍ കൊല്ലപ്പെടുകയും ഒട്ടേറെ വീടുകളും സ്ഥാപനങ്ങളും നശിക്കുകയും ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.