ഗാസ നഗരം ഏറ്റെടുക്കാനുള്ള ഇസ്രയേല്‍ പദ്ധതി നീതീകരിക്കാനാവാത്തത് : ജറുസലേമിലെ ഗ്രീക്ക്, ലാറ്റിന്‍ പാത്രിയാര്‍ക്കീസുമാർ

ഗാസ നഗരം ഏറ്റെടുക്കാനുള്ള ഇസ്രയേല്‍ പദ്ധതി നീതീകരിക്കാനാവാത്തത് : ജറുസലേമിലെ ഗ്രീക്ക്, ലാറ്റിന്‍ പാത്രിയാര്‍ക്കീസുമാർ

ജറുസലേം: ഗാസ നഗരം പിടിച്ചെടുക്കാനുള്ള ഇസ്രയേല്‍ സര്‍ക്കാരിന്റെ പദ്ധതി നീതീകരിക്കാനാവാത്തതെന്ന് ജറുസലേമിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ്, ലാറ്റിന്‍ സഭകളുടെ പാത്രിയാര്‍ക്കീസിന്റെ സംയുക്ത പ്രസ്താവന. കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസാബല്ലയും പാത്രിയാര്‍ക്കീസ് തിയോഫിലോസ് മൂന്നാമനുമാണ് പ്രസ്താവമ പുറത്തിറക്കിയത്.

ഗാസ നഗരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള ഇസ്രയേല്‍ സര്‍ക്കാരിന്റെ പ്രഖ്യാപനത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ സംയുക്ത പ്രസ്താവന. സമീപ ദിവസങ്ങളില്‍ വന്‍തോതിലുള്ള സൈനിക നീക്കവും ആസന്നമായ ആക്രമണത്തിനുള്ള തയാറെടുപ്പുകളും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ പ്രസ്താവന.

ഗാസ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനും ഗാസ മുനമ്പിന്റെ തെക്ക് ഭാഗത്തേക്ക് സാധാരണക്കാരെ മാറ്റിപ്പാര്‍പ്പിക്കാനുമുള്ള ഇസ്രയേല്‍ സര്‍ക്കാരിന്റെ പദ്ധതി നീതീകരിക്കാനാവാത്തതും അനാവശ്യവുമാണെന്ന് സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ക്രൈസ്തവ സമൂഹം ഉള്‍പ്പടെ ലക്ഷക്കണക്കിന് സാധാരണ ജനങ്ങള്‍ താമസിക്കുന്ന ഗാസ നഗരത്തിലെ ചില ഭാഗങ്ങളില്‍ നിന്ന് ഒഴിപ്പിക്കല്‍ ഉത്തരവുകള്‍ നല്‍കി കഴിഞ്ഞതായി പ്രസ്താവന ചൂണ്ടിക്കാണിച്ചു.

ഗാസയിലെ ഏക കത്തോലിക്കാ ഇടവകയായ ഹോളി ഫാമിലി ദേവാലയത്തിന്റെയും ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ദേവാലയമായ സെന്റ് പോര്‍ഫിറിയസിന്റെയും കോമ്പൗണ്ടുകളില്‍ നൂറുകണക്കിന് സാധാരണക്കാര്‍ക്ക് അഭയം നല്‍കിയിട്ടുണ്ട്. ഇതില്‍ വൈകല്യമുള്ളവര്‍, പ്രായമായവര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവരും ഉള്‍പ്പെടുന്നു. ഇവരെ ഒഴിപ്പിക്കാനുള്ള ഉത്തരവ് ‘വധശിക്ഷ’ നടപ്പാക്കുന്നതിന് തുല്യമാണെന്നും പ്രസ്താവന പറയുന്നു.

ബലാല്‍ക്കാരമായ ഒഴിപ്പിക്കലും നഗരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കലും ‘ശരിയായ മാര്‍ഗമല്ല’ എന്നും സാധാരണക്കാരെ മനപൂര്‍വം നിര്‍ബന്ധിതമായി കുടിയിറക്കുന്നതിനെ ന്യായീകരിക്കാന്‍ കാരണമില്ലെന്നും പാത്രിയാര്‍ക്കീസുമാര്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.