മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ റെക്കോഡ് തകര്‍ച്ച. വെള്ളിയാഴ്ച വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി 88ന് താഴെയെത്തി. ഇതിന് മുമ്പ് 87.95 ആയിരുന്നു ഏറ്റവും താഴ്ന്ന നിലവാരം. വെള്ളിയാഴ്ച ഉച്ചയോടെ 88.28 നിലവാരത്തിലേയ്ക്ക് താഴ്ന്നു.
ഒരു ഡോളര്‍ ലഭിക്കാന്‍ 88.28 രൂപ നല്‍കേണ്ട സാഹചര്യം. ഉക്രെയ്‌നില്‍ ആക്രമണം തുടരുന്ന റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നു എന്ന കാരണത്താല്‍ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് അമേരിക്ക 25 ശതമാനം അധിക തീരുവ ചുമത്തിയതാണ് തിരിച്ചടിയായത്.
വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികള്‍ വ്യാപകമായി വിറ്റൊഴിയുന്നതും രൂപയുടെ മൂല്യത്തെ ബാധിച്ചു. ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ ഡോളര്‍ സൂചിക 0.19 ശതമാനം ഉയര്‍ന്ന് 98 ല്‍ എത്തി.
ഡോളറിനെതിരെ ഏഴ് പൈസ നഷ്ടത്തില്‍ 87.70 നിലവാരത്തിലായിരുന്നു രാവിലെ വ്യാപാരം ആരംഭിച്ചത്. ഉയര്‍ന്ന താരിഫ് മൂലം കയറ്റുമതിയിലുണ്ടാകുന്ന ഇടിവ് വ്യാപാര അസന്തുലിതാവസ്ഥ സൃഷ്ടിച്ചേക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. എന്നാല്‍ ഐടി ഉള്‍പ്പടെയുള്ള കയറ്റുമതി മേഖലകള്‍ക്ക് മൂല്യമിടിവ് നേട്ടമാകും.