ചുരുക്കത്തില്‍ 12 ശതമാനം ജിഎസ്ടിയുള്ള 99 ശതമാനം ഉല്‍പന്നങ്ങളുടെയും നികുതി അഞ്ച് ശതമാനമായി കുറയും. 28 ശതമാനം നികുതിയുള്ള 90 ശതമാനം ഉല്‍പന്നങ്ങളുടെ നികുതി 18 ശതമാനമാകും. മാത്രമല്ല, പല ഉല്‍പന്നങ്ങള്‍ക്കും നികുതി ഇല്ലാതാകും. എന്നാല്‍ ആഡംബര ഉല്‍പന്നങ്ങള്‍, ലഹരി വസ്തുക്കള്‍, പുകയില ഉല്‍പന്നങ്ങള്‍ എന്നിവയ്ക്ക് 40 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തും.
കൊച്ചി: ജിഎസ്ടി സ്ലാബുകള്‍ നാലില്‍ നിന്ന് രണ്ടാക്കി കുറച്ചതോടെ രാജ്യത്തെ ജനങ്ങള്‍ക്ക് ഭക്ഷണത്തിനുള്ള ചിലവ് കുറയും. 28, 18, 12 5 എന്നിങ്ങനെയുള്ള ശതമാന നിരക്കിലായിരുന്നു നിലവില്‍ ഗുഡ്‌സ് സര്‍വീസ് ടാക്‌സ്.
ഇത് ഇപ്പോള്‍ 18, 5 എന്നിങ്ങനെയാക്കിയാണ് പുനക്രമീകരിച്ചത്. പുതുക്കിയ ജിഎസ്ടി ഘടന സെപ്റ്റംബര്‍ 22 ന് പ്രാബല്യത്തിലാകും.
ഇതുപ്രകാരം മിക്ക ദൈനംദിന ഭക്ഷണങ്ങളും പലചരക്ക് വസ്തുക്കളും അഞ്ച് ശതമാനം ജിഎസ്ടി സ്ലാബില്‍ ഉള്‍പ്പെടും. മാത്രമല്ല പുറത്തുപോയി കഴിക്കുന്ന ഭക്ഷണങ്ങള്‍ക്കും വില കുറയും.
ജിഎസ്ടി പരിഷ്‌കാരങ്ങള്‍ കുടുംബ ബഡ്ജറ്റിന് ആശ്വാസകരമാണ്. ഒരു കുടുംബത്തിന് ഏറ്റവും ആവശ്യമായ പാലിനെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കണ്ടന്‍സ്ഡ് മില്‍ക്ക്, വെണ്ണ, നെയ്യ്, പനീര്‍, ചീസ് എന്നിവ 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറച്ചു.
മാള്‍ട്ട്, സ്റ്റാര്‍ച്ച്, പാസ്ത, കോണ്‍ഫ്ളേക്കുകള്‍, ബിസ്‌കറ്റുകള്‍, ചോക്ലേറ്റുകള്‍, കൊക്കോ ഉല്‍പന്നങ്ങള്‍ തുടങ്ങിയവയുടെ ജിഎസ്ടി അഞ്ച് ശതമാനമായി കുറയും. ശുദ്ധീകരിച്ച പഞ്ചസാര, പഞ്ചസാര സിറപ്പുകള്‍, മിഠായി, മധുര പലഹാരങ്ങള്‍ തുടങ്ങിയ ഇനങ്ങളും അഞ്ച് ശതമാനം സ്ലാബിലേക്ക് മാറ്റി. നേരത്തെ ഇവയ്‌ക്കെല്ലാം 18 ശതമാനമായിരുന്നു ജിഎസ്ടി.
കോഫി എക്‌സ്ട്രാക്ട്, ടി എക്‌സ്ട്രാക്ട്, സൂപ്പ്, പ്ലാന്റ് ബേസ്ഡ് പാനീയങ്ങള്‍ എന്നിവയുടെ നികുതി 18 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാകുന്നതോടെ അവയുടെ വില കുറയും. എന്നാല്‍ കാര്‍ബണേറ്റഡ് പാനീയങ്ങള്‍ക്കും എയറേറ്റഡ് വെള്ളത്തിനും മുമ്പത്തെ 28 ശതമാനത്തില്‍ നിന്ന് 40 ശതമാനം ജിഎസ്ടി ഈടാക്കും.
നേരത്തെ 12 ശതമാനം സ്ലാബില്‍ ഉണ്ടായിരുന്ന ബദാം, പിസ്ത, ഹേസല്‍നട്ട്, കശുവണ്ടി, ഈന്തപ്പഴം തുടങ്ങിയവ അഞ്ച് ശതമാനം സ്ലാബിലേക്ക് മാറ്റി. സസ്യ എണ്ണകള്‍, ഭക്ഷ്യയോഗ്യമായ സ്പ്രെഡുകള്‍, സോസേജുകള്‍, മത്സ്യ ഉല്‍പ്പന്നങ്ങള്‍, മാള്‍ട്ട് സത്ത് അടിസ്ഥാനമാക്കിയുള്ള പായ്ക്ക് ചെയ്ത ഭക്ഷണങ്ങള്‍ എന്നിവയെല്ലാം ഇനി അഞ്ച് ശതമാനം സ്ലാബിലാണ്.
അച്ചാര്‍ രൂപത്തിലുള്ള പച്ചക്കറികള്‍, പഴങ്ങള്‍, ഫ്രോസണ്‍ പച്ചക്കറികള്‍, ജാം, ജെല്ലികള്‍, സോസുകള്‍, സൂപ്പുകള്‍, മയോണൈസ്, സാലഡ് ഡ്രെസിങുകള്‍ തുടങ്ങിയയും അഞ്ച് ശതമാനം സ്ലാബില്‍ വരും.
പുതിയ ജിഎസ്ടി പരിഷ്‌കാരങ്ങള്‍ കാരണം വിലകുറഞ്ഞത് അടുക്കളയിലെ അവശ്യവസ്തുക്കളുടെ മാത്രമല്ല. ജിഎസ്ടി അഞ്ച് ശതമാനമായി കുറച്ചതിനാല്‍ റസ്റ്റോറന്റുകളിലെ ഭക്ഷണങ്ങള്‍ക്കും വില കുറയും.
അതായത്, പ്രതിമാസം ശരാശരി 3,000 മുതല്‍ 4,000 രൂപ വരെ ചെലവഴിച്ചിരുന്ന ഏതൊരു കുടുംബത്തിനും ഇപ്പോള്‍ പ്രതിമാസം 200 മുതല്‍ 400 രൂപ വരെ ലാഭിക്കാന്‍ കഴിയും.
വ്യക്തിഗത ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തിന് ബാധകമായ 18 ശതമാനം നികുതി ഒഴിവാക്കണമെന്ന ദീര്‍ഘകാല ആവശ്യത്തിനും പരിഹാരമായി. ഇവയ്ക്ക് സെപ്റ്റംബര്‍ 22 മുതല്‍ നികുതി ഈടാക്കില്ല.
ചുരുക്കത്തില്‍ 12 ശതമാനം ജിഎസ്ടിയുള്ള 99 ശതമാനം ഉല്‍പന്നങ്ങളുടെയും നികുതി അഞ്ച് ശതമാനമായി കുറയും. 28 ശതമാനം നികുതിയുള്ള 90 ശതമാനം ഉല്‍പന്നങ്ങളുടെ നികുതി 18 ശതമാനമാകും. മാത്രമല്ല, പല ഉല്‍പന്നങ്ങള്‍ക്കും നികുതി ഇല്ലാതാകും. എന്നാല്‍ ആഡംബര ഉല്‍പന്നങ്ങള്‍, ലഹരി വസ്തുക്കള്‍, പുകയില ഉല്‍പന്നങ്ങള്‍ എന്നിവയ്ക്ക് 40 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തും.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച 50 ശതമാനം പകരം തീരുവ അടക്കമുള്ള പല ഘടകങ്ങളും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് തിരിച്ചടിയുണ്ടാക്കുമെന്ന വിലയിരുത്തലിനിടെയാണ് നിര്‍ണായക നടപടി എന്നതും ശ്രദ്ധേയം.