ലഡാക്ക് പ്രക്ഷോഭം: സോനം വാങ്ചുക്കിനെതിരെ സിബിഐ അന്വേഷണം; വിദേശ സംഭാവനകള്‍ പരിശോധിക്കും

ലഡാക്ക് പ്രക്ഷോഭം: സോനം വാങ്ചുക്കിനെതിരെ സിബിഐ അന്വേഷണം; വിദേശ സംഭാവനകള്‍ പരിശോധിക്കും

ന്യൂഡല്‍ഹി: ലഡാക്കിലെ പരിസ്ഥിതി ആക്ടിവിസ്റ്റായ സോനം വാങ്ചുക്കിന്റെ സ്ഥാപനത്തിനെതിരെ സിബിഐ അന്വേഷണം. സംസ്ഥാന പദവി, സ്വയം ഭരണം എന്നി ആവശ്യങ്ങള്‍ ഉന്നയിച്ച് ലഡാക്കില്‍ ഉയര്‍ന്ന പ്രതിഷേധം വെടിവെപ്പിലും മരണങ്ങളിലും കലാശിച്ചതിന് പിന്നാലെയാണ് ഇതേ ആവശ്യങ്ങള്‍ ഉയര്‍ത്തുന്ന സോനം വാങ്ചുക്കുനും ഇദേഹം സ്ഥാപിച്ച ഹിമാലയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ്സ് ലഡാക്ക് എന്ന സംഘടനയ്ക്കും എതിരെ അന്വേഷണം നടത്തുന്നത്.

വിദേശ സംഭാവന (നിയന്ത്രണ) നിയമം ലംഘിച്ച് സംഭാവന സ്വീകരിച്ചെന്ന ആരോപണത്തിലാണ് സിബിഐ നടപടി എന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആരോപണവുമായി ബന്ധപ്പെട്ട് ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. എഫ്‌സിആര്‍എ ക്ലിയറന്‍സ് ഇല്ലാതെ വിദേശ ഫണ്ട് സ്വീകരിച്ചതായി ആരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് അന്വേഷണത്തിന് നിര്‍ദേശിച്ചത്.

വാങ്ചുക്ക് ഈ വര്‍ഷം ഫെബ്രുവരി ആറിന് പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചതിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. സ്ഥാപനത്തിന് ഭൂമി നല്‍കിയ നടപടി ഓഗസ്റ്റില്‍ ലഡാക്ക് ഭരണകൂടം റദ്ദാക്കിയിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. സിബിഐ അന്വേഷണം നടക്കുന്നുണ്ടെന്ന് വാങ്ചുകും സ്ഥീരകിച്ചു.

പത്ത് ദിവസം മുന്‍പ് സിബിഐ സംഘം സന്ദര്‍ശിച്ചിരുന്നു എന്നും അദേഹം വ്യക്തമാക്കുന്നു. എന്നാല്‍ നിയമ ലംഘനങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് സോനം വാങ്ചുക്കിന്റെ നിലപാട്. യുഎന്‍, സ്വിസ് സര്‍വകലാശാല, ഒരു ഇറ്റാലിയന്‍ സംഘടന എന്നിവയില്‍ നിന്നാണ് സംഘടനയ്ക്ക് പണം ലഭിച്ചിട്ടുള്ളത്. ഇടപാടുമായി ബന്ധപ്പെട്ട് നികുതി ഒടുക്കിയിട്ടുണ്ടെന്നും അദേഹം വിശദീകരിക്കുന്നു.

അന്വേഷണ സംഘം 2022-24 കാലയളവിലെ കണക്കുകളാണ് നേടിയത്. പിന്നീട് 2020, 2021 എന്നിവയുള്‍പ്പെടെ മുന്‍ വര്‍ഷങ്ങളിലെ സാമ്പത്തിക വിശദാംശങ്ങളും തേടിയിട്ടുണ്ട്. രാജ്യദ്രോഹ കേസ്, എച്ച്ഐഎഎല്ലുമായി ബന്ധപ്പെട്ട ഭൂമി പാട്ടത്തര്‍ക്കം, ആദായനികുതി നോട്ടീസുകള്‍, നാല് വര്‍ഷം മുമ്പ് ശമ്പളം ലഭിക്കാത്ത തൊഴിലാളികളുടെ മുന്‍ പരാതികള്‍ തുടങ്ങി പഴയ പല ആരോപണങ്ങളും വീണ്ടും ഉയര്‍ന്നുവരുന്നുണ്ടെന്നും അദേഹം ചൂണ്ടിക്കാട്ടി.

ലഡാക്കിലെ കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടാണ് സോനം വാങ്ചുക്ക് രാജ്യാന്തര ശ്രദ്ധ നേടിയത്. 2018 ല്‍ ഏഷ്യയിലെ ഉന്നത ബഹുമതിയായ റമണ്‍ മാഗ്സസെ പുരസ്‌കാരം ലഭിച്ചിരുന്നു. അടുത്തിടെയാണ് കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് സ്വയംഭരണത്തിന് വേണ്ടി സമാധാന മാര്‍ഗത്തിലുള്ള സമരം അദേഹം ആരംഭിച്ചത്. ഇതേ ആവശ്യം ഉന്നയിച്ച് നടന്ന പ്രതിഷേധങ്ങള്‍ കഴിഞ്ഞ ദിവസം അക്രമത്തിലേക്ക് തിരിയുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.