ന്യൂഡല്‍ഹി: രാജ്യത്തിന്റെ വികസനത്തിന് ഭീകരത ഭീഷണിയെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ഭീകരതയ്ക്കെതിരെ പോരാടുന്നവര്‍ അന്താരാഷ്ട്ര സമൂഹത്തിന് തന്നെ വലിയ സേവനം നല്‍കുന്നുണ്ടെന്നും ലോക രാജ്യങ്ങളുടെ സമാധാനത്തിനും ഭീകരത വെല്ലുവിളിയാണെന്നും ജയശങ്കര്‍ പറഞ്ഞു. ജി 20 യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.
ഭീഷണിപ്പെടുത്തലിലൂടെ സമാധാനം കൊണ്ടുവരാന്‍ സാധിക്കില്ല. രാജ്യങ്ങള്‍ക്കിടയിലുള്ള സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നവരെ ഉപയോഗിച്ച് സമാധാനം കണ്ടെത്തണം. ഏത് സംഘര്‍ഷ സാഹചര്യത്തിലും ഇരുപക്ഷവുമായും ഇടപെടാന്‍ കഴിയുന്ന നേതാക്കന്മാര്‍ ഉണ്ടാകും. അത്തരം രാജ്യങ്ങളെയും നേതാക്കളെയും ലോക രാജ്യങ്ങള്‍ക്കിടയില്‍ സമാധാനം കൊണ്ടുവരാനും അത് നിലനിര്‍ത്തുന്നതിനും ഉപയോഗിക്കണം.
പ്രധാനമന്ത്രി നരേന്ദ്ര മോഡി റഷ്യ-ഉക്രെയ്ന്‍ രാജ്യങ്ങളുടെ പ്രസിഡന്റുമാരുമായി സംസാരിച്ചു. സംഘര്‍ഷം സമാധാനപരമായി പരിഹരിക്കണമെന്ന് അദേഹം ആവശ്യപ്പെട്ടു. ഇത് യുദ്ധത്തിനുള്ള സമയമല്ലെന്ന് പറഞ്ഞതായും ജയശങ്കര്‍ പറഞ്ഞു.
റഷ്യ-ഉക്രെയിന്‍ സംഘര്‍ഷത്തില്‍ ചില രാജ്യങ്ങളുടെ ഇരട്ടത്താപ്പിനെ കുറിച്ചും ജയശങ്കര്‍ വിമര്‍ശിച്ചു. എന്നാല്‍ റഷ്യന്‍ എണ്ണ വാങ്ങിയതിന് പ്രതികാരമായി ഇന്ത്യയ്ക്കെതിരെ യുഎസ് തീരുവ വര്‍ധിപ്പിച്ചതിനെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചില്ല.