ശ്രീനഗര്‍: പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ് ചുകിന് എതിരെ കുരുക്കു മുറുക്കാന്‍ ഇഡിയും. വാങ് ചുകിന്റെ സാമ്പത്തിക ഇടപാടുകളെ പറ്റി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുമെന്നാണ് സൂചന. സോനം വാങ് ചുകിന്റെ എന്‍ജിഒ വിദേശത്ത് നിന്നും പണം സ്വീകരിച്ചതില്‍ ക്രമക്കേട് നടന്നിട്ടുണ്ടോ എന്നാണ് അന്വേഷിക്കുക.
നിരവധി ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി സോനം വാങ്ചുകിന്റെ എന്‍ജിഒയുടെ ലൈസന്‍സ് കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. വിഷയത്തില്‍ സിബിഐയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലഡാക്കിലെ പ്രക്ഷോഭത്തിന് പിന്നാലെയുള്ള അന്വേഷണ ഏജന്‍സികളുടെ ഇടപെടല്‍ പ്രതികാര നടപടിയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
കേന്ദ്രം തന്നെ വേട്ടയാടുന്നുവെന്ന് സോനം വാങ്ചുകും പ്രതികരിച്ചു. എല്ലാ പ്രശ്നങ്ങളും തന്റെ മേല്‍ കെട്ടിവയ്ക്കുന്നു. എന്‍ജിഒ പ്രവര്‍ത്തിച്ചത് ജനങ്ങള്‍ക്കും വിദ്യാഭ്യാസത്തിനും വേണ്ടി ആണ്. ലഭിച്ച ധനസഹായം പെരുപ്പിച്ച് കാണിക്കുകയാണ് കേന്ദ്രമെന്നും സോനം വാങ്ചുക് പറഞ്ഞു.
അതേസമയം ലഡാക്കില്‍ നിരോധനാജ്ഞ തുടരുകയാണ്. സംഘര്‍ഷത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. നിലവില്‍ 50 പേരെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് വിവരം. പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. 22 പൊലീസുകാര്‍ ഉള്‍പ്പെടെ 45 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ലഡാക്കിന് സംസ്ഥാന പദവിയും ഒപ്പം ആറാം ഷെഡ്യൂള്‍ പ്രകാരം പ്രത്യേക പദവിയും ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.