ലഡാക്ക് സംഘര്‍ഷം: പ്രതിഷേധക്കാരുമായി കേന്ദ്രം ഇന്ന് സമവായ ചര്‍ച്ച നടത്തും

ലഡാക്ക് സംഘര്‍ഷം: പ്രതിഷേധക്കാരുമായി കേന്ദ്രം ഇന്ന് സമവായ ചര്‍ച്ച നടത്തും

ശ്രീനഗര്‍: ലഡാക്ക് സംഘര്‍ഷത്തില്‍ പ്രതിഷേധക്കാരുമായി കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. ലഡാക്ക് അപ്പക്‌സ് ബോഡി, കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സ് എന്നീ സംഘടനകളുമായി ആഭ്യന്തര മന്ത്രാലയ പ്രതിനിധികളാണ് ചര്‍ച്ച നടത്തുന്നത്. ഇന്നത്തെ ചര്‍ച്ചകള്‍ക്ക് ശേഷം തുടര്‍ ഘട്ടങ്ങളുണ്ടാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ലഡാക്കിന് സംസ്ഥാന പദവി, സ്വയംഭരണാവകാശം തുടങ്ങിയ വിഷയങ്ങളിലാണ് ചര്‍ച്ചയെങ്കിലും ഇക്കാര്യത്തില്‍ ഉടനടി ഒരു തീരുമാനം കൈക്കൊള്ളില്ലെന്നും കേന്ദ്രം അറിയിച്ചു. സംവരണ പരിധി ഉയര്‍ത്തുന്നത് അടക്കമുള്ള നിര്‍ദേശങ്ങള്‍ കേന്ദ്രം മുന്നോട്ടു വയ്ക്കാന്‍ സാധ്യതയുണ്ട്. പിന്നോക്ക സംവരണ പരിധി ഉയര്‍ത്താനും സര്‍ക്കാര്‍ ജോലികളില്‍ തസ്തിക കൂട്ടാനും തയ്യാറാണെന്നും കേന്ദ്രം അറിയിച്ചേക്കും.

അതിനിടെ സംഘര്‍ഷ സാധ്യത മുന്‍നിര്‍ത്തി മേഖലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. ആളുകള്‍ കൂട്ടം ചേരുന്നതിനും വിലക്കുണ്ട്. ഇന്റര്‍നെറ്റ് വിലക്ക് തുടരും. കൂടുതല്‍ സുരക്ഷാ സേനയേയും വിന്യസിച്ചിട്ടുണ്ട്. ലഡാക്ക് പ്രക്ഷോഭത്തിന്റെ നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ സോനം വാങ്ചുകിന്റെ അറസ്റ്റില്‍ പ്രതിപക്ഷം പ്രതിഷേധം അറിയിക്കും. എതിര്‍ ശബ്ദങ്ങളെ രാജ്യ വിരുദ്ധതായി സര്‍ക്കാര്‍ മുദ്ര കുത്തുന്നതായി പ്രതിപക്ഷം ആരോപിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.