ചെന്നൈ: നടനും ടിവികെ നേതാവുമായ വിജയ്‌യുടെ റാലിയില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് കുട്ടികള്‍ ഉള്‍പ്പെടെ 38 പേര്‍ മരിച്ചു. ഇരുപതിലേറെ പേര്‍ കുഴഞ്ഞ് വീണുവെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തളര്‍ന്ന് വീണവരില്‍ നിരവധി കുട്ടികളും ഉണ്ടെന്നാണ് വിവരം.
അപകടത്തില്‍ ഇതേവരെ 38 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതില്‍ ആറ് കുട്ടികളും 16 സ്ത്രീകളും ഉള്‍പ്പെടുന്നു. കുഴഞ്ഞു വീണ കുട്ടികളടക്കം 67 പേര്‍ ചികിത്സയിലുണ്ടെന്നും ഇതില്‍ 12 പേരുടെ നില ഗുരുതരമാണെന്നും തമിഴ്‌നാട് ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യന്‍ അറിയിച്ചു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. പരുക്കേറ്റവരില്‍ ഒന്‍പത് പൊലീസുകാരും ഉണ്ട്.
തമിഴ്നാട് കരൂറിലാണ് സംഭവം. അപകടം ഉണ്ടായതിന് പിന്നാലെ തന്റെ പ്രസംഗം പൂര്‍ത്തിയാക്കാതെ വിജയ് സംഭവ സ്ഥലത്ത് നിന്നും മടങ്ങി. പ്രദേശത്തേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ ആംബുലന്‍സുകള്‍ എത്തുകയാണ്.
സ്ഥിതിഗതികള്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ വിലയിരുത്തി. കരൂര്‍ കളക്ടറുമായും എഡിജിപിയുമായും മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു. അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍ ഉറപ്പാക്കുമെന്ന് എം.കെ സ്റ്റാലിന്‍ അറിയിച്ചു. കരൂരിലെ സാഹചര്യം ആശങ്കപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.