ചെന്നൈ: തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയ് റാലി നടത്തിയത് മദ്രാസ് ഹൈക്കോടതിയുടെ മുന്നറിയിപ്പ് മറികടന്ന്. സമ്മേളനങ്ങള്‍ നടത്തുമ്പോള്‍ പ്രവര്‍ത്തകരെ നിയന്ത്രിക്കേണ്ടത് നേതാവാണെന്ന് ഒരാഴ്ച മുന്‍പ് കോടതി വ്യക്തമാക്കിയിരുന്നു. എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായാല്‍ ആര് ഉത്തരവാദിത്തം ഏറ്റെടുക്കും എന്നായിരുന്നു അന്ന് കോടതി ചോദിച്ചത്.
തിരുച്ചിറപ്പള്ളിയില്‍ നടന്ന യോഗത്തിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ വിമര്‍ശനം. അന്നത്തെ റാലിയില്‍ ഒരാള്‍ കുഴഞ്ഞ് വീണ് മരിച്ചിരുന്നു. ഇന്നത്തെ കരൂരിലെ റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് പലരും കുഴഞ്ഞുവീഴുന്നത് കണ്ട് പ്രസംഗത്തിനിടെ വിജയ് ടിവികെ നേതാക്കളോട് ആംബുലന്‍സ് വിളിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. വിജയ് ഇടയ്ക്ക് ആള്‍ക്കൂട്ടത്തിലേക്ക് വെള്ളക്കുപ്പികളും എറിഞ്ഞു കൊടുത്തിരുന്നു. ജനക്കൂട്ടം നിയന്ത്രണാതീതം ആയതോടെ പൊലീസിന്റെ സഹായം വിജയ് തന്നെയാണ് ആവശ്യപ്പെട്ടത്. ഇതിനുപിന്നാലെയാണ് അദേഹം പ്രസംഗം അവസാനിപ്പിച്ചത്.
അപകടത്തില്‍പ്പെട്ട 12 പേര്‍ അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്. 58 പേര്‍ വിവിധയിടങ്ങളിലായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കുഴഞ്ഞുവീണ മൂന്ന് കുട്ടികളെ ഐസിയുവിലേക്ക് മാറ്റി. അതേസമയം, മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ വിജയ്‌ക്കെതിരെ കേസെടുക്കാന്‍ സാധ്യതയുണ്ട്.