ഉത്തരാഖണ്ഡ് ദുരന്തം: കാണാതായ 67 പേര്‍ മരിച്ചതായി പ്രഖ്യാപിച്ചു; നടപടി ദുരന്ത സഹായം ലഭ്യമാക്കാന്‍

ഉത്തരാഖണ്ഡ് ദുരന്തം: കാണാതായ 67 പേര്‍ മരിച്ചതായി പ്രഖ്യാപിച്ചു; നടപടി ദുരന്ത സഹായം ലഭ്യമാക്കാന്‍

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ ധരാലി ഗ്രാമത്തില്‍ ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ കാണാതായ 67 പേര്‍ മരിച്ചതായി പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം. ദുരന്തമുണ്ടായി 52 ദിവസം കഴിഞ്ഞിട്ടും ഒരു വിവരവുമില്ലാത്ത സാഹചര്യത്തിലാണ് നടപടി. ദുരന്തസഹായം ലഭ്യമാക്കാനാണ് തീരുമാനമെന്ന് മന്ത്രാലയം അറിയിച്ചു.

നിലവിലെ ജനന, മരണ ആക്ടിലെ വ്യവസ്ഥകള്‍ മറികടന്നാണ് പ്രഖ്യാപനം. കാണാതാകുന്നവരെ ഏഴ് വര്‍ഷം കഴിഞ്ഞ് മാത്രമേ സാധാരണ മരിച്ചതായി പ്രഖ്യാപിക്കാറുളളു. ബന്ധുക്കളുടെ കൂടി അഭ്യര്‍ത്ഥനയിലാണ് നടപടി. കാണാതായ വ്യക്തികളെ മരിച്ചതായി പ്രഖ്യാപിക്കാന്‍ ആവശ്യമായ ഏഴ് വര്‍ഷത്തെ കാത്തിരിപ്പ് ഒഴിവാക്കി മരണ രജിസ്ട്രേഷന്‍ നടത്താന്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ പ്രത്യേക അനുമതി നല്‍കുകയായിരുന്നു. ഇതോടെ ധരാലിയിലെ പ്രളയത്തില്‍ കാണാതായവരുടെ കുടുംബങ്ങള്‍ സംസ്ഥാന ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം ലഭിക്കാന്‍ അര്‍ഹരാവും.

ഓഗസ്റ്റ് അഞ്ചിനാണ് ഉത്തരാഖണ്ഡിലെ ധരാലിയില്‍ മേഘ വിസ്‌ഫോടനം ഉണ്ടായത്. ഹര്‍സില്‍ സൈനിക ക്യാംപില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ധരാലി ഗ്രാമത്തിന്റെ ഒരു ഭാഗം പൂര്‍ണമായും ഒലിച്ചുപോയിരുന്നു. പ്രളയം വന്‍ നാശനഷ്ടം വിതച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ മതിയായ ധനസഹായം നല്‍കിയില്ലെന്ന് ആരോപണവും ഉയര്‍ന്നിരുന്നു. അടിയന്തര ആശ്വാസമെന്ന നിലയ്ക്ക് നല്‍കിയ 5000 രൂപയുടെ ചെക്ക് ഗ്രാമീണര്‍ നിരസിച്ചു.

സര്‍വ്വവും നഷ്ടമായ ഗ്രാമീണരെ സംബന്ധിച്ചിടത്തോളം ഈ തുക അപര്യാപ്തമെന്നാണ് പരാതി. ധരാലിയിലെയും ഹര്‍ഷിലിലെയും ദുരിത ബാധിത കുടുംബങ്ങള്‍ക്കാണ് 5000 രൂപയുടെ ചെക്ക് വിതരണം ചെയ്തത്. പിന്നാലെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയര്‍ന്നത്. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തങ്ങള്‍ക്കുണ്ടായ നഷ്ടത്തിന്റെ വ്യാപ്തി കുറച്ചുകാണുന്നുവെന്നും ഗ്രാമീണര്‍ ആരോപിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.