ന്യൂഡല്‍ഹി: ദേശീയ പെന്‍ഷന്‍ സംവിധാനത്തില്‍ (എന്‍പിഎസ്) നിന്ന് ഏകീകൃത പെന്‍ഷന്‍ പദ്ധതിയിലേക്ക് (യുപിഎസ്) മാറാനുള്ള അവസാന തിയതി നവംബര്‍ 30 വരെ സര്‍ക്കാര്‍ നീട്ടി. നേരത്തെ നിശ്ചയിച്ചിരുന്ന കട്ട്-ഓഫ് തിയതി സെപ്റ്റംബര്‍ 30 ആയിരുന്നു. യുപിഎസിലേക്ക് മാറുന്നത് സംബന്ധിച്ച് എന്‍പിഎസിന് കീഴില്‍ വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടായ തണുത്ത പ്രതികരണമാണ് തിയതി നീട്ടാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.
സ്വിച്ച് ഓപ്ഷന്‍, രാജി ആനുകൂല്യങ്ങള്‍, നിര്‍ബന്ധിത വിരമിക്കല്‍, നികുതി ഇളവുകള്‍ മുതലായവ ഉള്‍പ്പെടെ യുപിഎസിന് കീഴില്‍ വിവിധ മാറ്റങ്ങള്‍ അടുത്തിടെ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിക്ക് അയച്ച കത്തില്‍ ധനകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. മാറ്റങ്ങള്‍ കണക്കിലെടുത്ത് ജീവനക്കാര്‍ക്ക് ഓപ്ഷന്‍ നല്‍കാന്‍ കൂടുതല്‍ സമയം നല്‍കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യവും ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് സമയ പരിധി നീട്ടിയത്.
സായുധ സേനയിലെ ഉദ്യോഗസ്ഥര്‍ ഒഴികെയുള്ള കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിലവിലുള്ള എന്‍പിഎസ് ചട്ടക്കൂടിന് കീഴില്‍ ഒരു ഓപ്ഷണല്‍ സ്‌കീമായി ഏപ്രില്‍ ഒന്നിനാണ് യുപിഎസ് അവതരിപ്പിച്ചത്. നിലവിലുള്ള ജീവനക്കാര്‍, വിരമിച്ചവര്‍, പരേതരായ ഉദ്യോഗസ്ഥരുടെ നിയമപരമായി വിവാഹിതരായ പങ്കാളി എന്നിവര്‍ക്ക് യുപിഎസ് തിരഞ്ഞെടുക്കാന്‍ തുടക്കത്തില്‍ മൂന്ന് മാസത്തെ സമയപരിധിയാണ് നല്‍കിയിരുന്നത്. ജൂണ്‍ 30 വരെ. എന്നാല്‍ വിവിധ കോണുകളില്‍ നിന്ന് സമയപരിധി നീട്ടണമെന്ന ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്ന് സമയപരിധി സെപ്റ്റംബര്‍ 30 വരെ നീട്ടുകയായിരുന്നു. ഇതാണ് വീണ്ടും നവംബര്‍ 30 വരെ നീട്ടിക്കൊണ്ട് ഉത്തരവായത്.