ന്യൂഡല്‍ഹി: രാജ്യത്തെ ഒന്‍പത് സംസ്ഥാനങ്ങള്‍ക്ക് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. വയനാട് മുണ്ടക്കൈ - ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിത പ്രദേശത്തിന്റെ പുനര്‍ നിര്‍മാണത്തിനുള്ള 206.56 കോടി ഉള്‍പ്പെടെയുള്ള ഫണ്ടാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. 4654.60 കോടിയാണ് ഒന്‍പത് സംസ്ഥാനങ്ങള്‍ക്കായി നല്‍കിയത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള ഉന്നതതല സമിതിയാണ് പണം അനുവദിച്ചത്. രാജ്യത്തെ നഗരങ്ങളിലെ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിന് 2444.42 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. ഇതില്‍ കേരളത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരവും ഉള്‍പ്പെടും. തിരുവനന്തപുരത്തിന് പുറമെ 10 നഗരങ്ങള്‍ക്കാണ് വെള്ളപ്പൊക്ക പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി തുക നീക്കിവച്ചിരിക്കുന്നത്.
അര്‍ബര്‍ ഫ്ളഡ് റിസ്‌ക് മാനേജ്മെന്റ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് തിരുവനന്തപുരം ഉള്‍പ്പെട്ടിരിക്കുന്നത്. പദ്ധതി പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവിന്റെ 90 ശതമാനം കേന്ദ്ര സര്‍ക്കാരും 10 ശതമാനം സംസ്ഥാനവുമാണ് വഹിക്കേണ്ടത്.