റാഞ്ചി: ജാർഖണ്ഡിലെ സിംഡെഗ ജില്ലയിലെ തുംഡെഗിയിലെ സെന്റ് ജോസഫ് പള്ളിയിൽ നടന്ന ആക്രമണത്തിൽ രണ്ട് പുരോഹിതർക്ക് ഗുരുതര പരിക്കേറ്റു. ഫാ. ഡീന്‍ തോമസ് സോറെംഗിനും ഫാ. ഇമ്മാനുവല്‍ ബാഗ്‌വാറിനുമാണ് പരിക്കേറ്റത്. ഇന്നലെ പുലര്‍ച്ചയെയായിരുന്നു സംഭവം.
മുഖംമൂടി ധരിച്ച ഏകദേശം 12 അംഗ സംഘം പള്ളിയിൽ അതിക്രമിച്ച് കയറുകയായിരുന്നു. അവർ വൈദികരെ ആക്രമിച്ചതോടൊപ്പം ലക്ഷക്കണക്കിന് രൂപയും വിലപിടിപ്പുള്ള വസ്തുക്കളും കവർന്നു. പരിക്കേറ്റ പുരോഹിതരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവം പൊതു സുരക്ഷയ്ക്ക് തന്നെ വെല്ലുവിളിയാണെന്നും മോഷണമെന്ന ലക്ഷ്യത്തോടെയാണെങ്കിലും ഒരു മതസ്ഥാപനത്തെ തന്നെ പ്രത്യേകിച്ച് ലക്ഷ്യംവച്ചതാണ് ശ്രദ്ധേയമായതെന്നും അധികൃതർ വ്യക്തമാക്കി. പ്രാദേശിക കത്തോലിക്ക സമൂഹം ഈ ആക്രമണത്തെ ശക്തമായി അപലപിച്ചു.