സര്‍ ക്രീക്ക് മേഖലയില്‍ പ്രകോപനമുണ്ടാക്കിയാല്‍ ശക്തമായി തിരിച്ചടിക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

സര്‍ ക്രീക്ക് മേഖലയില്‍ പ്രകോപനമുണ്ടാക്കിയാല്‍  ശക്തമായി തിരിച്ചടിക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: സര്‍ ക്രീക്ക് മേഖലയ്ക്ക് മേലുള്ള ഏത് ആക്രണത്തിനും ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് പാകിസ്ഥാന് പ്രതിരോധ മന്ത്രി രാജ് നാഥ് സിങിന്റെ മുന്നറിയിപ്പ്.

ചര്‍ച്ചയിലൂടെയുള്ള പ്രശ്‌ന പരിഹാരത്തിന് നിരവധി തവണ ഇന്ത്യ ശ്രമിച്ചെങ്കിലും പാകിസ്ഥാന്‍ സഹകരിച്ചില്ലെന്നും അവരുടെ ഉദ്ദേശത്തില്‍ അവ്യക്തയുണ്ടെന്നും ഗുജറാത്തിലെ അതിര്‍ത്തി നഗരമായ ഭുജിലെ മിലിട്ടറി ബേസില്‍ സൈനികരുടെ ദസറ ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കവേ രാജ് നാഥ് സിങ് പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂറിന്റെ എല്ലാ ലക്ഷ്യങ്ങളും നേടി കഴിഞ്ഞെന്ന് വ്യക്തമാക്കിയ അദേഹം, പാകിസ്ഥാനുമായൊരു യുദ്ധം തുടങ്ങുക എന്നത് തങ്ങളുടെ ലക്ഷ്യമല്ലെന്നും പറഞ്ഞു. ഗുജറാത്തിലെ റാന്‍ ഓഫ് കച്ചിനും പാകിസ്ഥാനും ഇടയിലുള്ള 96 കിലോ മീറ്റര്‍ നീണ്ടു കിടക്കുന്ന ചതുപ്പ് നിലമായ തന്ത്രപ്രധാന മേഖലയാണ് സര്‍ ക്രീക്ക്.

ഗുജറാത്തിലെ കച്ചിനെയും പാകിസ്ഥാനിലെ സിന്ദ് പ്രവിശ്യയുമായി വേര്‍തിരിക്കുന്ന മേഖലയാണിത്. ഏറ്റവും വലിയ ഫിഷിങ് സോണുകളിലൊന്നായ ക്രീക്കില്‍ വലിയ എണ്ണ പ്രകൃതി വാതക ശേഖരവും ഉണ്ട്.

ഇരു രാജ്യങ്ങളും സമുദ്രാതിര്‍ത്തി രേഖകള്‍ വ്യത്യസ്തമായി വ്യാഖ്യാനിക്കുന്നതിനാല്‍ തര്‍ക്ക പ്രദേശമായി തുടരുകയാണിവിടെ. 1914 ലെ ബോംബെ ഗവണ്‍മെന്റ് പ്രമേയത്തില്‍ നിന്നാണ് തര്‍ക്കങ്ങള്‍ ആരംഭിക്കുന്നത്. ഇതില്‍ ഇന്നത്തെ സിന്ദിലാണ് ക്രീക്ക് മേഖലയുടെ അതിര്‍ത്തി രേഖപ്പെടുത്തിയത്.

1947 ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ ശേഷം സിന്ദ് പാകിസ്ഥാനൊപ്പവും കച്ച് ഇന്ത്യയുടെയും ഭാഗമായി. തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ അന്താരാഷ്ട്ര മാരിടൈം നിയമങ്ങള്‍ ആവശ്യമായി വന്നു. താല്‍വെഗ് പ്രിന്‍സിപ്പലെന്നാണ് ഇത് അറിയപ്പെടുന്നത്.

ക്രീക്ക് സഞ്ചാര യോഗ്യമല്ലെന്നും അതിനാല്‍ താല്‍വെഗ് തത്വങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് പാകിസ്ഥാന്‍ പറയുന്നത്. ഉയര്‍ന്ന തിരമാലകള്‍ ഉള്ള സമയത്ത് ക്രീക്ക് സഞ്ചാര യോഗ്യമാക്കണമെന്നും അന്താരാഷ്ട്ര നിയമങ്ങള്‍ പ്രകാരം അതിര്‍ത്തി രേഖപ്പെടുത്തണമെന്നുമാണ് ഇന്ത്യ ആവശ്യപ്പെടുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.