കുടുംബങ്ങളെ ഏറ്റെടുക്കും: കരൂര്‍ ദുരന്തത്തില്‍ പ്രഖ്യാപനങ്ങളുമായി ടിവികെ; വിജയ് ഈ മാസം 17 ന് കരൂരിലെത്തും

കുടുംബങ്ങളെ ഏറ്റെടുക്കും: കരൂര്‍ ദുരന്തത്തില്‍ പ്രഖ്യാപനങ്ങളുമായി ടിവികെ; വിജയ് ഈ മാസം 17 ന് കരൂരിലെത്തും

ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ പ്രഖ്യാപനവുമായി തമിഴക വെട്രി കഴകം (ടിവികെ) സമിതി ഇന്ന് കരൂരിലെത്തും. ദുരിതം ബാധിച്ച കുടുംബങ്ങളെ ടിവികെ ഏറ്റെടുക്കുമെന്നാണ് പ്രഖ്യാപനം. ബന്ധുക്കള്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതിയും ഏര്‍പ്പെടുത്തും.

കൂടാതെ എല്ലാ മാസവും സഹായ ധനം നല്‍കും. കുട്ടികളുടെ പഠന ചെലവ് ഏറ്റെടുക്കും. കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം നടത്താന്‍ ഉത്തരവിട്ടുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് ടിവികെ സഹായ വാഗ്ദാനവുമായി എത്തിയിരിക്കുന്നത്. ടിവികെ അധ്യക്ഷന്‍ വിജയ് ഒക്ടോബര്‍ 17 ന് കരൂരിലെത്തും.

കഴിഞ്ഞ ദിവസമാണ് കരൂരില്‍ 41 പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദേശം. പ്രത്യേക അന്വേഷണ സംഘത്തെയും സുപ്രീം കോടതി രൂപീകരിച്ചു. വിരമിച്ച ജഡ്ജിക്കായിരിക്കും അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല.

കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തമിഴക വെട്രി കഴകം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നും ടിവികെ ആവശ്യപ്പെട്ടിരുന്നു. ടിവികെയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ചുമതലയുണ്ടായിരുന്ന ആധവ് അര്‍ജുനയായിരുന്നു സുപ്രീം കോടതിയെ സമീപിച്ചത്. ടിവികെയുടെ ആവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന വിരമിച്ച ജഡ്ജിയെ ഉടന്‍ തീരുമാനിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.