ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ പാകിസ്ഥാന് സാങ്കേതിക നാശം മാത്രമല്ല വന്‍ ആള്‍നാശവും വരുത്തിയെന്ന വെളിപ്പെടുത്തലുമായി ഡിജിഎംഒ. ഇന്ത്യന്‍ സൈന്യത്തിന്റെ മിലിറ്ററി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘയ് ആണ് പുതിയ വിവരങ്ങള്‍ പങ്കുവച്ചത്. അന്താരാഷ്ട്ര നിയന്ത്രണ രേഖയില്‍ നൂറിലധിനം സൈനികരെ പാകിസ്ഥാന് നഷ്ടമായെന്നാണ് രാജീവ് ഘയ് വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭയുടെ സമാധാനസേനയില്‍ അംഗങ്ങളായ 34 രാജ്യങ്ങളുടെ സേനാമേധാവിമാരുടെ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു മിലിറ്ററി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍. പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനത്തില്‍ വിതരണം ചെയ്ത മരണാനന്തര ബഹുമതികളുടെ എണ്ണമുള്‍പ്പെടെ പരാമര്‍ശിച്ചാണ് രാജീവ് ഘയ് സൈന്യത്തിന് ഉണ്ടായ ആള്‍നാശം ചൂണ്ടിക്കാട്ടിയത്. നൂറില്‍ കൂടുതല്‍ മരണാനന്തര ബഹുമതികള്‍ ആണ് പാകിസ്ഥാന്‍ സ്വാതന്ത്ര്യ ദിനത്തില്‍ വിതരണം ചെയ്തത്. ഇതില്‍ നിന്നും അവര്‍ നേരിട്ട നാശം വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി മേയ് ഒന്‍പതിനും പത്തിനും ഇടയിലെ രാത്രിയില്‍ 11 വ്യോമതാവളങ്ങള്‍ ഇന്ത്യ ആക്രമിച്ചു. അഞ്ച് യുദ്ധ വിമാനങ്ങളുള്‍പ്പെടെ 12 വിമാനങ്ങള്‍ പാകിസ്ഥാന് നഷ്ടമായി. ഇന്ത്യന്‍ വ്യോമാതിര്‍ത്തി ആവര്‍ത്തിച്ച് ലംഘിച്ച് പാക് ഡ്രോണുകള്‍ പ്രവര്‍ത്തിച്ചപ്പോഴാണ് പ്രത്യാക്രമണം നടത്തിയത്. പാകിസ്ഥാനിലേക്ക് കടന്ന് 300 കിലോമീറ്ററിലധികം ദൂരത്തില്‍ വരെ ആക്രമണം നടത്തി. 11 വ്യോമ കേന്ദ്രങ്ങള്‍ ആക്രമിച്ചു. എട്ട് വ്യോമ താവളങ്ങള്‍, മൂന്ന് ഹാംഗറുകള്‍, നാല് റഡാറുകള്‍ എന്നിവ തകര്‍ത്തു.
ആക്രമണവുമായി മുന്നോട്ടുപോകാനായിരുന്നു പാകിസ്ഥാന്റെ തീരുമാനമെങ്കില്‍ കൂടുതല്‍ ദുരന്തമുണ്ടാകുമായിരുന്നു എന്നും രാജീവ് ഘയ് പറഞ്ഞു. പഹല്‍ഗാമില്‍ ആക്രമണം നടത്തിയ മൂന്ന് ഭീകരരെ കണ്ടെത്തി വധിച്ചതായും രാജീവ് ഘയ് കൂട്ടിച്ചേര്‍ത്തു.