വാഷിങ്ടണ്‍: ദേശീയ പ്രതിരോധവുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ അനധികൃതമായി കൈവശം വെച്ച ഇന്ത്യന്‍ വംശജനായ യുഎസ് പ്രതിരോധ വിദഗ്ധന്‍ അറസ്റ്റില്‍. പ്രശസ്ത വിദേശനയ പണ്ഡിതനും പ്രതിരോധ തന്ത്രജ്ഞനുമായ ആഷ്ലി ജെ ടെല്ലിസാണ് അറസ്റ്റിലായത്.
കാര്‍നെഗീ എന്‍ഡോവ്മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ പീസിലെ സീനിയര്‍ ഫെലോയും ടാറ്റാ ചെയര്‍ ഫോര്‍ സ്ട്രാറ്റജിക് അഫയേഴ്‌സുമാണ് 64 കാരനായ ടെല്ലിസ്. യുഎസ് പൗരന്മാരുടെ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്ന കുറ്റകൃത്യമാണ് ടെല്ലിസ് നടത്തിയതെന്ന് യുഎസ് അറ്റോര്‍ണി, ലിന്‍ഡ്‌സെ ഹാലിഗന്‍ പത്രകുറിപ്പില്‍ അറിയിച്ചു. ദേശീയ പ്രതിരോധവുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ ടെല്ലിസ് സുരക്ഷിത സ്ഥാനങ്ങളില്‍ നിന്ന് കടത്തിയതായും ചൈനീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായും യുഎസ് അറ്റോര്‍ണി ഓഫീസ് ആരോപിച്ചു.
പ്രൊഫഷണല്‍, അക്കാദമിക് കൂടിക്കാഴ്ചകള്‍ക്കിടയില്‍ ടെല്ലിസ് ചൈനീസ് ഉദ്യോഗസ്ഥരുമായി നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ആശയ വിനിമയങ്ങളെക്കുറിച്ചും അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ടെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചാരവൃത്തി നടന്നതായി സൂചനകളൊന്നും ഇല്ലെങ്കിലും ദേശീയ പ്രതിരോധവുമായി ബന്ധപ്പെട്ട രേഖകള്‍ കൈവശം വെച്ചത് ഫെഡറല്‍ സുരക്ഷാ പ്രോട്ടോക്കോളുകളുടെ ലംഘനമാണെന്ന് പ്രോസിക്യൂട്ടര്‍മാര്‍ വാദിച്ചു.
കുറ്റം തെളിയിക്കപ്പെട്ടാല്‍, ടെല്ലിസിന് 10 വര്‍ഷം വരെ തടവും 2,50,000 ഡോളര്‍(2,21,84,225 രൂപ) പിഴയും ലഭിക്കാം. കൂടാതെ ബന്ധപ്പെട്ട രേഖകള്‍ കണ്ടുകെട്ടുകയും ചെയ്യും.