നടുവിൽ: വിശ്വാസത്തിൻ്റെയും ദിവ്യകാരുണ്യത്തിൻ്റെയും പ്രഭ ചൊരിഞ്ഞ് വിളക്കന്നൂർ ക്രിസ്‌തുരാജ തീർഥാടന കേന്ദ്രം ഭക്തി നിർഭരമായ ആഘോഷങ്ങൾക്ക് ഒരുങ്ങുന്നു. ക്രിസ്‌തുരാജൻ്റെ രാജത്വ തിരുനാൾ ശതാബ്‌ദി ആഘോഷവും ദിവ്യകാരുണ്യ അടയാള ഔദ്യോഗിക പ്രഖ്യാപനത്തിൻ്റെ ഒന്നാം വാർഷികവും പ്രമാണിച്ച് ഇന്ന് മുതൽ 23 വരെ നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികൾ നടക്കും.
തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് കൊടിയേറ്റ് കർമ്മം നിർവ്വഹിക്കും. ഇന്ന് രാവിലെ ആറിന് നൂറ്റൊന്ന് മണിക്കൂർ നീണ്ടുനിൽക്കുന്ന അഖണ്ഡ ആരാധനക്ക് തുടക്കമായി.
തിരുശേഷിപ്പ് പ്രദർശനം, ക്വിസ് മത്സരം, ദിവ്യകാരുണ്യ കൺവെൻഷൻ, തിരുമുഖ നവനാൾ പ്രാർഥന, രാജത്വ തിരുനാൾ ശതാബ്‌ദി റാലി, ദിവ്യകാരുണ്യ പ്രദക്ഷിണം, സ്നേഹവീടിൻ്റെ താക്കോൽദാനം, സ്നേഹവിരുന്ന് എന്നിവയും തിരുനാളിൻ്റെ ഭാഗമായി നടക്കും.
13 മുതൽ 21 വരെ രാവിലെ 6.30, 10.30, ഉച്ചയ്ക്ക് 12.30, 3.30, ആറ് എന്നീ സമയങ്ങളിൽ കുർബാനയും നൊവേനയും ഉണ്ടായിരിക്കും. 15 ന് ദിവ്യകാരുണ്യ അടയാള പ്രഖ്യാപന വാർഷിക ദിനാചരണം, 16 ന് രാവിലെ ഒൻപതിന് അഖില കേരള പ്രഥമ ദിവ്യകാരുണ്യ ക്വിസ് മത്സരം ഉദ്ഘാടനം, 17, 18, 19 തീയതികളിൽ ദിവ്യകാരുണ്യ കൺവെൻഷൻ എന്നിവ നടക്കും.
19 നും 20 നും ദിവ്യകാരുണ്യ പ്രേഷിതരായ 1500 വിശുദ്ധരുടെ തിരുശേഷിപ്പ് പ്രദർശനം ഉണ്ടായിരിക്കും. സമാപന ദിനമായ നവംബർ 23 ന് രാവിലെ 5.30, 7.30, 10.30, വൈകുന്നേരം 3.30, 5.30, 7.30 എന്നീ സമയങ്ങളിൽ കുർബാനയുണ്ടാകും. രാത്രി ഏഴ് മണിക്ക് കലാസന്ധ്യയും അരങ്ങേറും.