സുഡാനിൽ‌ ജനങ്ങൾ അനുഭവിക്കുന്നത് അഗാധമായ കഷ്ടപ്പാടുകൾ ; സമാധാനത്തിന് വേണ്ടി അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ബിഷപ്പ്‌സ് കോൺഫറൻസ്

സുഡാനിൽ‌ ജനങ്ങൾ അനുഭവിക്കുന്നത് അഗാധമായ കഷ്ടപ്പാടുകൾ ; സമാധാനത്തിന് വേണ്ടി അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ബിഷപ്പ്‌സ് കോൺഫറൻസ്

ഖാർത്തൂം : സുഡാനിലെയും ദക്ഷിണ സുഡാനിലെയും നിലവിലെ ഗുരുതരമായ പ്രതിസന്ധിയിൽ ആഴമായ ആശങ്ക രേഖപ്പെടുത്തി ഇരു രാജ്യങ്ങളിലെയും കാത്തലിക് ബിഷപ്പ്‌സ് കോൺഫറൻസ് (എസ്എസ്എസ്-സിബിസി) പ്രസിഡന്റ് കർദിനാൾ സ്റ്റീഫൻ അമേയു രംഗത്ത്. യുദ്ധക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ദൈവജനത്തിന് വേണ്ടി ഐക്യം ശക്തിപ്പെടുത്താനും സമാധാനം പുലർത്താനും കർദിനാൾ ആഹ്വാനം ചെയ്തു.

മലക്കൽ കത്തോലിക്കാ രൂപതയിലെ എസ്എസ്എസ്-സിബിസി അംഗങ്ങളെ അഭിസംബോധന ചെയ്യവെയാണ് ജൂബയിലെ ആർച്ച് ബിഷപ്പ് കൂടിയായ കർദിനാൾ അമേയു തൻ്റെ ആശങ്കകൾ തുറന്നു പറഞ്ഞത്. "സുഡാനിലെയും ദക്ഷിണ സുഡാനിലെയും ജനങ്ങൾ അഗാധമായ കഷ്ടപ്പാടുകൾ, കുടിയിറക്കം, ജീവഹാനി, പള്ളികളുടെയും സ്വത്തുക്കളുടെയും നാശം, അഭൂതപൂർവമായ തോതിലുള്ള മാനുഷിക പ്രതിസന്ധി എന്നിവ നേരിടുകയാണ്," അദേഹം വ്യക്തമാക്കി.

ദേവാലയങ്ങളുടെ സ്വത്തുക്കൾക്കും ഉദ്യോഗസ്ഥർക്കും മേൽ സർക്കാരുകൾ ചുമത്തുന്ന പുതിയ നികുതികളെക്കുറിച്ചും കർദിനാൾ ഗൗരവമായ ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം നടപടികൾ ദരിദ്രരെ സേവിക്കാനുള്ള സഭയുടെ സുപ്രധാന ദൗത്യത്തെ ദുർബലപ്പെടുത്തുമെന്ന് അദേഹം മുന്നറിയിപ്പ് നൽകി. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ബിഷപ്പുമാർ സർക്കാരുമായി ചർച്ചകൾക്ക് ഒരുങ്ങുമെന്നും കർദിനാൾ കൂട്ടിച്ചേർത്തു.

സുഡാനിലെയും ദക്ഷിണ സുഡാനിലെയും സർക്കാരുകളോട് എല്ലാറ്റിനുമുപരിയായി സമാധാനത്തിന് മുൻഗണന നൽകാൻ കർദിനാൾ അമേയു ആവശ്യപ്പെട്ടു. പൗരന്മാർ ഗോത്ര വിഭജനങ്ങളെ മറികടന്ന് ഐക്യം സ്വീകരിക്കുമ്പോൾ മാത്രമേ ഇരു രാജ്യങ്ങളിലും യഥാർഥ സമാധാനം കൈവരിക്കാൻ കഴിയൂ എന്നും ഊന്നിപ്പറഞ്ഞു. കത്തോലിക്കാ നേതാക്കൾ ഐക്യം ശക്തിപ്പെടുത്താനും അഹിംസ വളർത്താനും അജപാലന ശുശ്രൂഷകളെ ശക്തിപ്പെടുത്താനും കർദിനാൾ‌ അഭ്യർഥിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.