ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ജെയ്ഷെ-മുഹമ്മദുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഭീകര സംഘം ഡിസംബര്‍ ആറിന് ദേശീയ തലസ്ഥാന മേഖലയിലെ ആറിടങ്ങളില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നതായാണ് കണ്ടെത്തല്‍.
1992 ല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട ദിവസമാണിത്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭീകരര്‍ ബാബറി മസ്ജിദ് തകര്‍ത്തതിന് പ്രതികാരം ചെയ്യാനാണ് ഈ തിയതി തിരഞ്ഞെടുത്തതെന്ന് മൊഴി നല്‍കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഘട്ടം ഘട്ടമായി സ്‌ഫോടന പരമ്പര തന്നെ നടത്താനായിരുന്നു പദ്ധതി തയ്യാറാക്കിയിരുന്നതെന്ന് ഭീകരസംഘത്തിലെ അംഗങ്ങള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. അഞ്ച് ഘട്ടങ്ങളായാണ് സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടത്. ഒന്നാം ഘട്ടത്തില്‍ ജെയ്ഷെ-മുഹമ്മദ്, അന്‍സാര്‍ ഗസ്വത്-ഉല്‍-ഹിന്ദ് എന്നിവയുമായി ബന്ധമുള്ള ഭീകര സംഘം രൂപീകരിച്ചു.
സ്‌ഫോടക വസ്തുക്കള്‍ നിര്‍മിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കള്‍ ശേഖരിക്കുകയും ഹരിയാനയിലെ നുഹ്, ഗുരുഗ്രാം എന്നിവിടങ്ങളില്‍ നിന്ന് വെടിക്കോപ്പുകള്‍ സംഘടിപ്പിക്കുകയും ചെയ്യുകയെന്നതായിരുന്നു രണ്ടാം ഘട്ടം. മൂന്നാം ഘട്ടത്തില്‍ മാരകമായ രാസ സ്‌ഫോടക വസ്തുക്കള്‍ നിര്‍മിക്കാനും ആക്രമണം നടത്താന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ നിരീക്ഷിക്കാനും പദ്ധതിയിട്ടു. നിരീക്ഷണത്തിന് ശേഷം നിര്‍മിച്ച ബോംബുകള്‍ സംഘാംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുകയെന്നതായിരുന്നു നാലാം ഘട്ടത്തിന്റെ ലക്ഷ്യം. ഇതിനെല്ലാം ശേഷം ഡല്‍ഹിയിലെ ആറോ ഏഴോ സ്ഥലങ്ങളില്‍ ഏകോപിത സ്‌ഫോടനങ്ങള്‍ നടത്താനും സംഘം പദ്ധതിയിട്ടിരുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു.
കഴിഞ്ഞ ദീപാവലിയ്ക്ക് ആക്രമണം നടത്താനായിരുന്നു യഥാര്‍ത്ഥത്തില്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ പ്രവര്‍ത്തനങ്ങളിലെ കാലതാമസം കാരണം പുതിയ തിയതിയായി ബാബറി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷിക ദിനമായ ഡിസംബര്‍ ആറ് തിരഞ്ഞെടുക്കുകയായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.