ചെന്നൈ: സംസ്ഥാനത്ത് ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ നടക്കുന്ന ശ്രമങ്ങളെ ചെറുക്കാന്‍ തമിഴ്‌നാട്. ഇതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ സുപ്രധാന ബില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് തമിഴ്‌നാട് സര്‍ക്കാര്‍.
സംസ്ഥാനത്തുടനീളമുള്ള ഹിന്ദി ഹോര്‍ഡിങുകള്‍, ബോര്‍ഡുകള്‍, സിനിമകള്‍, പാട്ടുകള്‍ എന്നിവ നിരോധിക്കാന്‍ ലക്ഷ്യമിടുന്നതാണ് ബില്‍. എന്നാല്‍ പുതിയ നിയമം ഭരണഘടനയ്ക്ക് അനുസൃതമായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
തങ്ങള്‍ ഭരണഘടനയ്ക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ലെന്നും എന്നാല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിന് എതിരാണെന്നും മുതിര്‍ന്ന ഡിഎംകെ നേതാവ് ടി.കെ.എസ് ഇളങ്കോവന്‍ പ്രതികരിച്ചു.
അതേസമയം ഭാഷയെ ഒരു രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കരുതെന്നും അസംബന്ധമായ നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ബിജെപി നേതാവ് വിനോജ് സെല്‍വം പ്രതികരിച്ചു. വിവാദമായ ഫോക്സ്‌കോണ്‍ നിക്ഷേപ പ്രശ്നത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ഡിഎംകെ ഭാഷാ തര്‍ക്കം ഉപയോഗിക്കുകയാണെന്നും അദേഹം വിമര്‍ശിച്ചു.
2025-26 ലെ സംസ്ഥാന ബജറ്റ് ലോഗോയില്‍ ദേശീയ രൂപയുടെ ചിഹ്നത്തിന് (₹) പകരം തമിഴ് അക്ഷരമായ ‘ரூ’ (രു) ഉപയോഗിച്ചിരുന്നു. ഇതിനെ ബിജെപി നേതാക്കളും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനും വിമര്‍ശിച്ചിരുന്നു. എന്നാല്‍ ദേശീയ ചിഹ്നത്തെ നിരാകരിക്കുകയല്ല, മറിച്ച് തമിഴ് ഭാഷയെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമമാണിത് എന്ന് പറഞ്ഞായിരുന്നു ഡിഎംകെ പ്രതിരോധം തീര്‍ത്തത്.