മുംബൈ: വൈദ്യുത വാഹനങ്ങളുടെയും മറ്റും നിര്‍മാണത്തിന് ഉപയോഗിക്കുന്ന അപൂര്‍വധാതുക്കള്‍ക്ക് പുതിയ വഴികള്‍ തേടുകയാണ് ഇന്ത്യ. ഇത്തരം ധാതുക്കളുടെ വിതരണത്തില്‍ ചൈന നിയന്ത്രണം കടുപ്പിച്ച സാഹചര്യത്തില്‍ റഷ്യയില്‍ നിന്നടക്കം ഇവ എത്തിക്കുന്നതിനും ഇവയുടെ സംസ്‌കരണത്തിനുള്ള സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കുന്നതിനുമാണ് ശ്രമം.
റഷ്യന്‍ കമ്പനികളുമായി സഹകരിച്ച് ശക്തിയേറിയ കാന്തങ്ങള്‍ തയ്യാറാക്കുന്നതിനുള്ള അപൂര്‍വ ധാതുക്കള്‍ ലഭ്യമാക്കുന്നതിന് ഇന്ത്യന്‍ കമ്പനികള്‍ ശ്രമം തുടങ്ങിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടകളും പുറത്തുവന്നിരുന്നു. അപൂര്‍വ ധാതുക്കള്‍ സംസ്‌കരിക്കുന്നതിന് റഷ്യ വികസിപ്പിച്ചെടുത്തിട്ടുള്ള സാങ്കേതിക വിദ്യ പരീക്ഷിച്ച് വരികയാണ്. ഇത് വാണിജ്യവല്‍കരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയുമായി സഹകരിക്കുന്നതിന് റഷ്യ താല്‍പര്യം അറിയിച്ചതായാണ് വിവരം.
ഇന്ത്യന്‍ കമ്പനികളായ ലോഹം, മിഡ് വെസ്റ്റ് എന്നിവയോട് റഷ്യയിലെ സാധ്യതകള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. റഷ്യന്‍ പൊതുമേഖലാ കമ്പനികളായ നോര്‍നിക്കല്‍, റൊസാറ്റം എന്നിവയുമായി സഹകരിക്കുന്നതിനുള്ള സാധ്യതകളാണ് മുന്നിലുള്ളത്.