തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ്, കെപിസിസി പുനസംഘടനയില്‍ നീരസം അറിയിച്ചതിന് പിന്നാലെ ചാണ്ടി ഉമ്മന്‍ എംഎല്‍എയ്ക്ക് ഹൈക്കമാന്‍ഡ് പുതിയ പദവി നല്‍കി. അരുണാചല്‍ പ്രദേശ്, മേഘാലയ സംസ്ഥാനങ്ങളുടെ ടാലന്റ് ഹണ്ട് കോഡിനേറ്റര്‍ പദവിയാണ് ചാണ്ടി ഉമ്മന് നല്‍കിയത്.
ഷമ മുഹമ്മദിന് ഗോവയുടെയും ജോര്‍ജ് കുര്യന് കേരളത്തിന്റെയും ചുമതല നല്‍കി. കെപിസിസി പുനസംഘടനയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ രൂക്ഷമായി തുടരുന്നതിനിടയിലാണ് പുതിയ പദവികള്‍ നല്‍കിയത്.
13 വൈസ് പ്രസിഡന്റുമാരെയും 58 ജനറല്‍ സെക്രട്ടറിമാരെയും ഉള്‍പ്പെടുത്തി കെപിസിസി ജംബോ പട്ടിക പുറത്തു വിട്ടതിന് പിന്നാലെയാണ് ചാണ്ടി ഉമ്മന്‍ അതൃപ്തി പ്രകടമാക്കിയത്.
ചാണ്ടി ഉമ്മനെ ജനറല്‍ സെക്രട്ടറിയോ വൈസ് പ്രസിഡന്റോ ആക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും പുറത്തുവിട്ട ജംബോ കമ്മിറ്റിയില്‍ അവസാനവട്ടം അദേഹത്തെ തഴഞ്ഞുവെന്നായിരുന്നു പരാതി.
അബിന്‍ വര്‍ക്കിക്ക് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം നിഷേധിച്ചതിനെതിരെ നിലപാടെടുത്തതാണ് ചാണ്ടി ഉമ്മനെ തഴയാന്‍ ഇടയാക്കിയതെന്നും ആരോപണമുയര്‍ന്നിരുന്നു.
കെപിസിസി പുനസംഘടനയില്‍ അതൃപ്തി വ്യക്തമാക്കിയതിന് പിന്നാലെ കെപിസിസിയുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്ന് ചാണ്ടി ഉമ്മന്‍ എക്സിറ്റായിരുന്നു. നേരത്തെ യൂത്ത് കോണ്‍ഗ്രസ് നാഷണല്‍ ഔട്ട് റീച്ച് സെല്‍ ചെയര്‍മാന്‍ പദവിയില്‍ നിന്ന് മുന്നറിയിപ്പുകള്‍ കൂടാതെ പുറത്താക്കിയതില്‍ ചാണ്ടി ഉമ്മന്‍ പരസ്യമായ അതൃപ്തി വ്യക്തമാക്കിയിരുന്നു.