ന്യൂഡല്‍ഹി: ഒരു വിദ്യാര്‍ഥി പോലും പ്രവേശനം നേടാത്ത 8000 ത്തോളം സ്‌കൂളുകള്‍ രാജ്യത്തുണ്ടെന്ന് റിപ്പോര്‍ട്ട്. ഈ അധ്യയന വര്‍ഷം ഇത്രയും സ്‌കൂളുകളില്‍ ഒരു വിദ്യാര്‍ഥി പോലും ചേര്‍ന്നിട്ടില്ലെങ്കിലും ഇവിടങ്ങളിലായി 20,817 അധ്യാപകരെ നിയമിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ കണക്കുകളുടെ അടിസ്ഥാനത്തില്‍ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
2024-25ലെ സാമ്പത്തിക സര്‍വേ പ്രകാരം ഇന്ത്യയിലുടനീളം 14.72 ലക്ഷം സ്‌കൂളുകളാണ് ഉളളത്. ഇവിടങ്ങളിലായി 24.8 കോടി വിദ്യാര്‍ഥികളും 98 ലക്ഷം അധ്യാപകരും ഉണ്ടെന്നും ജനുവരിയില്‍ ധനകാര്യമന്ത്രാലയം പുറത്തുവിട്ട കണക്കില്‍ സൂചിപ്പിച്ചിരുന്നു.
സീറോ എന്റോള്‍മെന്റുള്ള സ്‌കൂളുകളുടെ (ഒരു കുട്ടി പോലും പുതുതായി ചേര്‍ന്നിട്ടില്ലാത്ത സ്‌കൂളുകള്‍) എണ്ണത്തില്‍ പശ്ചിമ ബംഗാളാണ് മുന്നില്‍. ഒരു കുട്ടി പോലും പുതുതായി പഠിക്കാനെത്താത്ത 3,812 സ്‌കൂളുകളില്‍ 17,965 അധ്യാപകരാണ് ഉള്ളത്. 2,245 സ്‌കൂളുകളില്‍ 1,016 അധ്യാപകരുമായി തെലങ്കാനയാണ് രണ്ടാമത്. മധ്യപ്രദേശില്‍ ഒരു കുട്ടി പോലും പുതുതായി ചേരാത്ത 463 സ്‌കൂളുകളും 223 അധ്യാപകരും ഉണ്ട്. ഉത്തര്‍പ്രദേശില്‍ 81 സ്‌കൂളുകളാണ് ഇത്തരത്തിലുള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സീറോ എന്റോള്‍മെന്റുള്ള സ്‌കൂളുകളുടെ എണ്ണം കുത്തനെ കുറഞ്ഞതായും പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. 2023-24 ല്‍ 12,954 ആയിരുന്നത് 2024-25 ല്‍ 7,993 ആയി കുറഞ്ഞു. വിദ്യാര്‍ഥികളില്ലാത്ത സ്‌കൂളുകളുടെ എണ്ണത്തില്‍ 38 ശതമാനത്തോളം കുറവുണ്ടായി.
ഹരിയാന, മഹാരാഷ്ട്ര, ഗോവ, അസം, ഹിമാചല്‍ പ്രദേശ്, ഛത്തീസ്ഗഡ്, നാഗാലാന്‍ഡ്, സിക്കിം, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ സീറോ എന്റോള്‍മെന്റുള്ള സ്‌കൂളുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൂടാതെ, ഡല്‍ഹി, പുതുച്ചേരി, ലക്ഷദ്വീപ്, ദാദ്ര-നഗര്‍ ഹവേലി, ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകള്‍, ദാമന്‍-ദിയു തുടങ്ങിയ കേന്ദ്രഭരണ പ്രദേശങ്ങളിലും ഇത്തരത്തിലുള്ള സ്‌കൂളുകള്‍ ഇല്ല.
വിദ്യാഭ്യാസം സംസ്ഥാന വിഷയമായതിനാല്‍ സീറോ എന്റോള്‍മെന്റുള്ള സ്‌കൂളുകളുടെ പ്രശ്‌നം പരിഹരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെയും ജീവനക്കാരുടെയും ഉപയോഗം മെച്ചപ്പെടുത്തുന്നതിനായി ചില സംസ്ഥാനങ്ങള്‍ സ്‌കൂളുകള്‍ ലയിപ്പിക്കുകയുണ്ടായി. അതേസമയം ഉത്തര്‍പ്രദേശില്‍ തുടര്‍ച്ചയായ മൂന്ന് അധ്യയന വര്‍ഷങ്ങളില്‍ വിദ്യാര്‍ഥികളില്ലാത്ത സ്‌കൂളുകളുടെ അഫിലിയേഷന്‍ അംഗീകാരം റദ്ദാക്കാന്‍ മാധ്യമിക് ശിക്ഷാ പരിഷത്ത് പദ്ധതിയിടുന്നുണ്ട്.
കൂടാതെ രാജ്യത്ത് ഒരു ലക്ഷത്തിലധികം ഏകാധ്യാപക സ്‌കൂളുകളുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ സ്‌കൂളുകളില്‍ 33 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ ചേര്‍ന്നിട്ടുണ്ട്. 2022-23 ല്‍ 1,18,190 ആയിരുന്ന ഏകാധ്യാപക സ്‌കൂളുകളുടെ എണ്ണം 2023-24 ല്‍ 1,10,971 ആയി കുറഞ്ഞിട്ടുണ്ട് (ഏകദേശം ആറ് ശതമാനം കുറവ്).