പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പിന് ഒരാഴ്ചയില്‍ താഴെ മാത്രം ശേഷിക്കെ വമ്പന്‍ വാഗ്ദാനങ്ങളുമായി എന്‍ഡിഎ പ്രകടന പത്രിക പുറത്തിറക്കി. തൊഴില്‍, സ്ത്രീ ശാക്തീകരണം, ക്ഷേമ പദ്ധതികള്‍ തുടങ്ങിയ വാഗ്ദാനങ്ങളാണ് പത്രികയില്‍ ഉള്ളത്. 'സങ്കല്‍പ് പത്ര' എന്ന പേരിലാണ് പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്.
ഒരു കോടി സര്‍ക്കാര്‍ ജോലികള്‍ നല്‍കുമെന്നാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം. വിവിധ കക്ഷി നേതാക്കള്‍ ചേര്‍ന്നാണ് വെള്ളിയാഴ്ച രാവിലെ പത്രിക പുറത്തിറക്കിയത്. കേന്ദ്ര മന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെ.പി നഡ്ഡ, മുഖ്യമന്ത്രി നിതീഷ് കുമാര്‍, കേന്ദ്ര മന്ത്രിയും എച്ച്എഎം(എസ്) നേതാവുമായ ജിതന്‍ റാം മാഞ്ചി, കേന്ദ്ര മന്ത്രിയും എല്‍ജെപി (റാം വിലാസ്) അധ്യക്ഷനുമായ ചിരാഗ് പാസ്വാന്‍, ആര്‍എല്‍എം നേതാവ് ഉപേന്ദ്ര കുശ്വാഹ, മറ്റ് സഖ്യകക്ഷി നേതാക്കള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പട്‌നയില്‍വച്ചാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
പ്രധാന വാഗ്ദാനങ്ങള്‍ ഇങ്ങനെ:
*ഒരു കോടിയിലധികം സര്‍ക്കാര്‍ ജോലികളും കൂടാതെ നിരവധി തൊഴിലവസരങ്ങളും
*നൈപുണ്യ അധിഷ്ഠിത തൊഴില്‍ നല്‍കുന്നതിനായി സ്‌കില്‍സ് സെന്‍സസ്
*എല്ലാ ജില്ലകളിലും മെഗാ സ്‌കില്‍ സെന്ററുകള്‍
*സ്വാശ്രയത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി സ്ത്രീകള്‍ക്ക് രണ്ട് ലക്ഷം രൂപ വരെ സാമ്പത്തിക സഹായം.
*ഒരു കോടി സ്ത്രീകളെ ലക്പതി ദീദിമാരാക്കും
*അതിപിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ട വിവിധ തൊഴില്‍ ഗ്രൂപ്പുകള്‍ക്ക് 10 ലക്ഷം രൂപ നല്‍കും
*കര്‍പ്പൂരി ഠാക്കൂര്‍ കിസാന്‍ സമ്മാന്‍ നിധിക്ക് കീഴില്‍, കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 3,000 രൂപയുടെ അധിക ആനുകൂല്യം
*പട്നയ്ക്ക് പുറമെ ബീഹാറിലെ നാല് നഗരങ്ങളില്‍ കൂടി മെട്രോ ട്രെയിന്‍ സര്‍വീസ്
*പത്ത് പുതിയ വ്യവസായ പാര്‍ക്കുകള്‍
*അഞ്ച് വര്‍ഷത്തിനുള്ളില്‍ 50 ലക്ഷം കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരും
243 അംഗ ബിഹാര്‍ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നവംബര്‍ ആറ്, 11 തിയതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക. തിരഞ്ഞെടുപ്പ് ഫലം നവംബര്‍ 14 ന് പ്രഖ്യാപിക്കും.