മുംബൈ: ഇന്ത്യയില്‍ നിന്നുള്ള ബാങ്കുകളെ ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയാനും ഓണ്‍ലൈന്‍ സംവിധാനത്തില്‍ സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ട് ബാങ്കുകള്‍ക്ക് പുതിയ വെബ് വിലാസം നടപ്പിലാക്കി ആര്‍ബിഐ. ഡോട്ട് ബാങ്ക് ഡോട്ട് ഇന്‍ (.bank.in) എന്ന് അവസാനിക്കുന്ന വെബ് വിലാസമാകും ഇനി മുതല്‍ ബാങ്കുകള്‍ക്ക് ഉണ്ടാകുക.
ബാങ്കുകളുടെ പേരില്‍ അക്ഷരങ്ങള്‍ മാറ്റി വ്യാജ വെബ്സൈറ്റുകളുണ്ടാക്കി തട്ടിപ്പുകള്‍ നടത്തുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് ആര്‍ബിഐ പുതിയ ഡൊമെയ്ന്‍ സംവിധാനം നടപ്പാക്കിയിരിക്കുന്നത്. നവംബര്‍ ഒന്നിന് മുന്‍പായി ഇത് നടപ്പാക്കാന്‍ ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശം നല്‍കിയിരുന്നു.
ഡോട്ട് ബാങ്ക് ഡോട്ട് ഇന്‍ എന്ന് അവസാനിക്കുന്ന വെബ് വിലാസം നോക്കി ഉപയോക്താക്കള്‍ക്ക് ബാങ്കുകളുടെ യഥാര്‍ഥ വെബ്സൈറ്റുകള്‍ തിരിച്ചറിയാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഈ ഡൊമെയ്ന്‍ വിലാസം രജിസ്റ്റര്‍ ചെയ്ത ബാങ്കുകള്‍ക്ക് മാത്രമേ അനുവദിക്കൂ. മുന്‍പ് ഉപയോഗിച്ചിരുന്ന വെബ് വിലാസം നല്‍കിയാല്‍ പുതിയ വിലാസത്തിലേക്ക് മാറുന്നെന്ന സന്ദേശം കാണിച്ച ശേഷം തനിയെ പുതിയ വിലാസത്തിലേക്ക് മാറുന്നതായിരിക്കും.
ഇതേ രീതിയില്‍ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും (എന്‍ബിഎഫ്സി) മാറും. ഇതിന് സമയക്രമമായിട്ടില്ല. എന്‍ബിഎഫ്സികള്‍ക്ക് ഡോട്ട് ഫിന്‍ ഡോട്ട് ഇന്‍ (.fin.in) എന്ന രീതിയില്‍ അവസാനിക്കുന്ന വെബ് വിലാസമാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഐഡിആര്‍ബിടി എന്ന സ്ഥാപനത്തിനാണ് ഈ വിലാസങ്ങളുടെ ചുമതല. ഇവിടെ നിന്നുള്ള അനുമതിക്ക് ശേഷമേ ഈ ഡൊമെയ്നുകള്‍ ലഭിക്കൂ. അതുകൊണ്ട് തട്ടിപ്പുകാര്‍ക്ക് ഈ വിലാസം ഉപയോഗിക്കാന്‍ ആകില്ല.