കുട്ടിക്കാനത്ത് കയത്തില്‍ വീണ് ഹരിപ്പാട് സ്വദേശി മരിച്ചു; സുഹൃത്ത് വാഹനവുമായി കടന്നു കളഞ്ഞു

കുട്ടിക്കാനത്ത് കയത്തില്‍ വീണ് ഹരിപ്പാട് സ്വദേശി മരിച്ചു; സുഹൃത്ത് വാഹനവുമായി കടന്നു കളഞ്ഞു

ഇടുക്കി: കുട്ടിക്കാനത്തിന് സമീപം തട്ടത്തിക്കാനത്ത് കയത്തില്‍ വീണ വിനോദ സഞ്ചാരത്തിനെത്തിയ യുവാവ് മരിച്ചു. ഹരിപ്പാട് സ്വദേശി മഹേഷ് (45) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്ന സുഹൃത്തുമായി കുളിക്കുന്നതിനായി കയത്തില്‍ ഇറങ്ങിയ മഹേഷ് വെള്ളത്തില്‍ വീണുപോകുകയായിരുന്നു.

സംഭവം ശ്രദ്ധയില്‍പ്പെട്ട സമീപവാസികള്‍ ഉടന്‍ തന്നെ അഗ്‌നിരക്ഷാ സേനയെ വിവരമറിയിച്ചു. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി. ബിനുകുമാര്‍, സീനിയര്‍ ഫയര്‍ ഓഫീസര്‍മാരായ പി.എസ് സനല്‍, പി.കെ സന്തോഷ്, ജി.എസ് ആനന്ദ്, വി.ആര്‍ അരുണ്‍കുമാര്‍, അന്‍ഷാദ് എ എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി മഹേഷിനെ പുറത്തെടുത്ത് പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അപകടം നടന്ന സമയത്ത് മഹേഷിനൊപ്പമുണ്ടായിരുന്ന യുവാവ് വാഹനവുമായി കടന്നു കളഞ്ഞതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മഹേഷും സുഹൃത്തും സമീപത്തുള്ള ഒരു ഹോം സ്റ്റേയിലാണ് താമസിച്ചിരുന്നത്. ഇവിടെ നിന്നാണ് മരിച്ചയാളുടെ പേര് പൊലീസിന് ലഭിച്ചത്. എന്നാല്‍ ഒപ്പമുണ്ടായിരുന്ന ആള്‍ ഓടിപ്പോയതിനാല്‍ മരിച്ച മഹേഷിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

നിലവില്‍ പീരുമേട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരിച്ച മഹേഷിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പീരുമേട് താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.