ദര്‍ഭംഗ(ബിഹാര്‍): ഇന്ത്യ മുന്നണി നേതാക്കളായ രാഹുല്‍ ഗാന്ധിയെയും അഖിലേഷ് യാദവിനെയും തേജസ്വി യാദവിനെയും കുരങ്ങന്മാരെന്ന് വിളിച്ച് അപമാനിച്ച് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയും കടുത്ത ഹിന്ദുത്വ വാദിയുമായ  യോഗി ആദിത്യനാഥ്. 
ഈ നേതാക്കന്മാരെ പപ്പു, ടപ്പു, അക്കു എന്നീ പേരുകള്‍ വിളിച്ചാണ് ആദിത്യനാഥ് അപമാനിച്ചത്. ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് ദര്‍ഭംഗയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു ആദിത്യനാഥ്.
'രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും തേജസ്വി യാദവും ഇന്ത്യ സഖ്യത്തിന്റെ പുതിയ മൂന്ന് കുരങ്ങന്മാരാണ്. ഇവര്‍ ജാതിയുടെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയും കലാപങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നവരാണ്' - ആദിത്യനാഥ് ആരോപിച്ചു.
പപ്പുവിന് സത്യം പറയാന്‍ കഴിയില്ല. ടപ്പുവിന് ശരിയായത് കാണാന്‍ കഴിയില്ല. അപ്പുവിന് സത്യം കേള്‍ക്കാന്‍ കഴിയില്ല. ഈ മൂന്ന് കുരങ്ങന്മാരും കുടുംബ മാഫിയകളെ പ്രലോഭിപ്പിച്ച് ശിഷ്യന്മാരാക്കി ബിഹാറിന്റെ സുരക്ഷ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. 
ഇവര്‍ ബിഹാറില്‍ ജാതിയെ ജാതിക്കെതിരെ തിരിച്ചു വിട്ടു. തോക്കുകളും പിസ്റ്റളുകളും ഉപയോഗിച്ച് അവര്‍ ബിഹാറിന്റെ മുഴുവന്‍ സംവിധാനവും അലങ്കോലമാക്കിയെന്നും  അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസും ആര്‍ജെഡിയും എസ്പിയും ബിഹാറില്‍ കുറ്റവാളികളെ കെട്ടിപ്പിടിക്കുകയാണെന്നും നുഴഞ്ഞുകയറ്റക്കാരെ വിളിച്ചുകയറ്റി സംസ്ഥാനത്തിന്റെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യുകയാണെന്നും ആദിത്യനാഥ്  ആരോപിച്ചു.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന വാഗ്ദാനം ബിജെപി നിറവേറ്റിയെന്നും ഇനി സീതാമഡിയില്‍ മാ ജാനകിയുടെ ക്ഷേത്രം നിര്‍മിച്ച് അതിനെ രാം ജാനകി മാര്‍ഗ് വഴി അയോധ്യയുമായി ബന്ധിപ്പിക്കുമെന്നും യുപി മുഖ്യമന്ത്രി പറഞ്ഞു.