മാറ്റത്തിന് ഡിജിസിഎ: ബുക്ക് ചെയ്ത വിമാന ടിക്കറ്റ് റദ്ദാക്കിയാല്‍ റീഫണ്ട്; നിബന്ധനകള്‍ക്ക് വിധേയം

മാറ്റത്തിന് ഡിജിസിഎ:  ബുക്ക് ചെയ്ത വിമാന ടിക്കറ്റ് റദ്ദാക്കിയാല്‍ റീഫണ്ട്; നിബന്ധനകള്‍ക്ക് വിധേയം

ന്യൂഡല്‍ഹി: വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിനകം പ്രത്യേക ചാര്‍ജ് നല്‍കാതെ ടിക്കറ്റുകള്‍ റദ്ദാക്കാനും മറ്റൊരു സമയത്തേക്ക് മാറ്റി എടുക്കാനും സാധിക്കുന്ന തരത്തിലുള്ള മാറ്റത്തിനൊരുങ്ങി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ).

ടിക്കറ്റ് റീഫണ്ട്, ക്യാന്‍സലേഷന്‍ ചട്ടങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് പരിഷ്‌കാരം. ഒരു ട്രാവല്‍ ഏജന്റോ, പോര്‍ട്ടല്‍ വഴിയോ ടിക്കറ്റ് വാങ്ങുന്ന സാഹചര്യത്തില്‍ റീഫണ്ടിന്റെ ഉത്തരവാദിത്തം എയര്‍ ലൈനുകള്‍ക്കായിരിക്കും. കാരണം ഏജന്റുമാര്‍ അവരുടെ നിയുക്ത പ്രതിനിധികളാണെന്ന് ഡിജിസിഎ വ്യക്തമാക്കി. പുതിയ മാര്‍ഗ നിര്‍ദേശങ്ങളുടെ കരടു രൂപം തയ്യാറാക്കി കഴിഞ്ഞു.

'എയര്‍ലൈന്‍ വെബ്‌സൈറ്റ് വഴി നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍, ബുക്കിങ് നടത്തി 24 മണിക്കൂറിനുള്ളില്‍ യാത്രക്കാരന്‍ തിരുത്തല്‍ ചൂണ്ടിക്കാണിച്ചാല്‍, അതേ വ്യക്തിയുടെ പേരില്‍ തിരുത്തലിനായി ഒരു എയര്‍ലൈന്‍ അധിക ചാര്‍ജും ഈടാക്കില്ല' എന്ന് കരടില്‍ പറയുന്നു. ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം 48 മണിക്കൂര്‍ സമയത്തേക്ക് ഒരു എയര്‍ലൈന്‍ 'ലുക്ക്-ഇന്‍ ഓപ്ഷന്‍' നല്‍കണം.

ഈ കാലയളവില്‍ യാത്രക്കാര്‍ക്ക് അധിക ചാര്‍ജുകളൊന്നുമില്ലാതെ ടിക്കറ്റ് റദ്ദാക്കാനോ ഭേദഗതി ചെയ്യാനോ കഴിയും. എന്നാല്‍ ആരംഭ ബുക്കിങ് സമയത്തിന്റെ 48 മണിക്കൂറിനപ്പുറം ഈ ഓപ്ഷന്‍ ലഭിക്കില്ല.

മെഡിക്കല്‍ അടിയന്തരാവസ്ഥ മൂലം യാത്രക്കാര്‍ ടിക്കറ്റ് റദ്ദാക്കിയാല്‍ വിമാന കമ്പനികള്‍ക്ക് ടിക്കറ്റുകള്‍ തിരികെ നല്‍കാനോ ക്രെഡിറ്റ് ഷെല്‍ നല്‍കാനോ കഴിയും എന്നതാണ് മറ്റൊരു നിര്‍ദേശം. ടിക്കറ്റിന്റെ തുക പൂര്‍ണമായും തിരിച്ചുകിട്ടുന്ന സൗകര്യം എല്ലാ എയര്‍ലൈനുകള്‍ക്കും ബാധകമായിരിക്കും. എന്നാല്‍ ഇത് നിബന്ധനകള്‍ക്ക് വിധേയമായിരിക്കും.

വിമാന ടിക്കറ്റുകളുടെ റീഫണ്ടുമായി ബന്ധപ്പെട്ട സിവില്‍ ഏവിയേഷ ന്‍ നിര്‍ദേശത്തില്‍ 21 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ റീഫണ്ട് പ്രക്രിയ പൂര്‍ത്തിയാക്കുന്നുണ്ടെന്ന് എയര്‍ലൈനുകള്‍ ഉറപ്പാക്കണമെന്നും വ്യക്തമാക്കുന്നു.

ആഭ്യന്തര സര്‍വീസുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് വിമാനം പുറപ്പെടുന്നതിന് ചുരുങ്ങിയത് അഞ്ച് ദിവസമെങ്കിലും മുന്‍പേ ആയിരിക്കണം. അന്താരാഷ്ട്ര വിമാനങ്ങളുടെ കാര്യത്തില്‍ ഇത് പതിനഞ്ച് ദിവസമാണ്.

ഇതിനിപ്പുറമാണെങ്കില്‍ സാധാരണ ഗതിയിലുള്ള ക്യാന്‍സലേഷന്‍ ചാര്‍ജ് നല്‍കേണ്ടി വരും. വിമാന ടിക്കറ്റ് റീഫണ്ടുമായി ബന്ധപ്പെട്ട ആശങ്കകളുടെയും പ്രശ്നങ്ങളുടെയും പശ്ചാത്തലത്തിലാണ് മാറ്റങ്ങള്‍ വരുത്തുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.