ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. കുപ്വാരയിലെ കേരന്‍ സെക്ടറില്‍ ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ നടന്നത്. നുഴഞ്ഞുകയറ്റം സംബന്ധിച്ച് ഏജന്‍സികളില്‍ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സംയുക്ത ഓപ്പറേഷന്‍.
പ്രദേശത്ത് തിരച്ചില്‍ പുരോഗമിക്കുകയാണ്. പ്രത്യേക വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഓപ്പറേഷന്‍ പിംപിള്‍ ആരംഭിച്ചതായി സൈന്യത്തിന്റെ വൈറ്റ് ചിനാര്‍ കോര്‍പ്സ് എക്സിലെ പോസ്റ്റില്‍ വ്യക്തമാക്കി. സംശയാസ്പദമായ നീക്കം ശ്രദ്ധയില്‍പ്പെട്ടതോടെ തിരച്ചില്‍ ആരംഭിച്ചു. ഇതോടെ അവര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു.
ബുധനാഴ്ച കിഷ്ത്വാര്‍ ജില്ലയിലെ ഛത്രു മേഖലയിലും സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നു. പ്രദേശത്ത് ഭീകരരും ഉണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതോടെ സുരക്ഷാ സേന ഓപ്പറേഷന്‍ ഛത്രു ആരംഭിച്ചിരുന്നു.