ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒത്താശയോടെ നടന്ന വോട്ട് കൊള്ളയുടെ കൂടുതല്‍ തെളിവുകള്‍ ഉടന്‍ പുറത്ത് വിടുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
കര്‍ണാടകയിലും ഹരിയാനയിലും മാത്രമല്ല, മധ്യപ്രദേശിലും ഛത്തീസ്ഗഡിലും സമാനമായ വോട്ട് മോഷണം നടന്നിട്ടുണ്ട്. ഹരിയാനയിലെ വോട്ട് മോഷണത്തെക്കുറിച്ചുള്ള ഡാറ്റ കണ്ടപ്പോള്‍ മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബിജെപി ഇതേ കാര്യം ചെയ്തിട്ടുണ്ടെന്ന് മനസിലായി.
തങ്ങളുടെ പക്കല്‍ എല്ലാ തെളിവുകളും ഉണ്ട്. അവ ഓരോന്നായി പുറത്തു വിടും. കുറച്ച് മാത്രമെ ഇപ്പോള്‍ കാണിച്ചിട്ടുള്ളൂവെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. മധ്യപ്രദേശിലെ നര്‍മ്മദാപുരം ജില്ലയിലെ പച്മറിയിലെ പാര്‍ട്ടി ജില്ലാ, നഗര പ്രസിഡന്റുമാര്‍ക്കുള്ള പരിശീലന ക്യാമ്പില്‍ പ്രസംഗിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.
'ജനാധിപത്യത്തിനും ഭരണഘടനയ്ക്കും നേരെ ആക്രമണമാണ് നടക്കുന്നത്. പ്രധാനമന്ത്രി മോഡി, അമിത് ഷാ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ എന്നിവര്‍ ഇതില്‍ നേരിട്ട് പങ്കാളികളാണ്. ഇത്തരത്തിലുള്ള കൂട്ടുകെട്ടുകള്‍ സൃഷ്ടിച്ച് ഈ ആളുകള്‍ ഭാരത മാതാവിനെ നശിപ്പിക്കുകയാണ്'- രാഹുല്‍ ഗാന്ധി പറഞ്ഞു.