കെയ്‌റോ: നൂറ്റാണ്ടുകളായി മനുഷ്യനെ അമ്പരപ്പിക്കുന്ന ഗിസയിലെ മഹാ പിരമിഡിന്റെ ഉള്ളറകളിൽ നിന്ന് മറ്റൊരു അത്ഭുതകരമായ കണ്ടെത്തൽ. ലോകമഹാത്ഭുതങ്ങളിലൊന്നായ ഖുഫു ഫറോവയുടെ പിരമിഡിനുള്ളിൽ 30 മീറ്റർ നീളമുള്ള ഒരു നിഗൂഢ ഇടനാഴിയാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. അത്യാധുനിക സ്കാനിംഗ് സാങ്കേതികവിദ്യകളുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ഈജിപ്ഷ്യൻ ചരിത്രത്തെത്തന്നെ മാറ്റിമറിച്ചേക്കാവുന്ന ഈ കണ്ടെത്തൽ.
പ്രശസ്ത ഈജിപ്തോളജിസ്റ്റ് ഡോ. സാഹി ഹവാസ് ആണ് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ വെച്ച് ലോകത്തെ ആവേശത്തിലാഴ്ത്തിയ ഈ പ്രഖ്യാപനം നടത്തിയത്. അവിശ്വസനീയമായ ഒരു കണ്ടെത്തൽ എന്നാണ് അദേഹം ഇതിനെ വിശേഷിപ്പിച്ചത്. ഈ ഇടനാഴി അടഞ്ഞുകിടക്കുന്ന ഒരു വാതിലിലേക്കാണ് നയിക്കുന്നതെന്നും ആ വാതിലിനപ്പുറം എന്താണെന്നറിയാൻ ലോകം കാത്തിരിക്കുകയാണെന്നും അദേഹം കൂട്ടിച്ചേർത്തു.
2026 ഓടെ ഈ അത്ഭുത ഇടനാഴിയുടെ പൂർണ വിവരങ്ങൾ ലോകത്തിന് മുന്നിൽ അനാവരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. പുരാതന ഈജിപ്ഷ്യൻ ചരിത്രത്തിലെ പല ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഈ കണ്ടെത്തലിലൂടെ ലഭിച്ചേക്കാം.
"പിരമിഡുകളുടെ ഉള്ളറകൾ പഠിക്കാൻ റഡാറുകൾ ഞങ്ങളെ സഹായിച്ചു. അതിലൂടെയാണ് ശൂന്യമായ അറകളും പുതിയ ഇടനാഴികളും തിരിച്ചറിഞ്ഞത്. സങ്കീർണമായ ഭാഗങ്ങൾ വൃത്തിയാക്കാനും പരിശോധിക്കാനും ഞങ്ങൾ റോബോട്ടുകളെയും ഉപയോഗപ്പെടുത്തി," ഡോ. ഹവാസ് വിശദീകരിച്ചു.