ചെന്നൈ: സംസ്ഥാനത്ത് നികുതി അടയ്ക്കാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കുകയും പെര്‍മിറ്റ് ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരായ നടപടികള്‍ തുടരുമെന്ന് കേരള ഗതാഗതവകുപ്പ് വ്യക്തമാക്കുകയും ചെയ്തതോടെ തമിഴ്‌നാട്ടില്‍ നിന്ന് സംസ്ഥാനത്തേക്കുള്ള സ്വകാര്യബസ് സര്‍വീസുകള്‍ പുനരാരംഭിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു.
ബസുകള്‍ പിടിച്ചെടുത്ത് കേരളം വന്‍തുക പിഴചുമത്തിയെന്നു ചൂണ്ടിക്കാണിച്ച് തമിഴ്‌നാട് ഓംനി ബസ് ഓണേഴ്‌സ് അസോസിയേഷന്‍ കേരളത്തിലേക്കുള്ള സര്‍വീസുകള്‍ ശനിയാഴ്ച രാത്രി മുതല്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
ബസുകള്‍ക്ക് ഓള്‍ ഇന്ത്യ പെര്‍മിറ്റ് ഉണ്ടെങ്കില്‍പ്പോലും സര്‍വീസ് നടത്തുന്ന സംസ്ഥാനങ്ങളില്‍ അതത് റോഡ് നികുതി അടയ്ക്കണമെന്നാണ് നിയമം. സീറ്റിന്റെ എണ്ണമനുസരിച്ച് ഒരു ബസ് ഒരു ലക്ഷം രൂപ മുതല്‍ രണ്ടു ലക്ഷം രൂപ വരെ കേരളത്തിന് പാദ വാര്‍ഷിക നികുതി അടയ്ക്കണം. എന്നാല്‍ നികുതി നല്‍കാതെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ബസുകള്‍ മിക്കതും കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നത്.
അമിതവേഗം, എയര്‍ ഹോണുകളുടെ ഉപയോഗം, നമ്പര്‍ പ്ലേറ്റുകളിലെയും രേഖകളിലെയും ക്രമക്കേട് തുടങ്ങി നിയമ ലംഘനങ്ങള്‍ വേറെയുമുണ്ട്. ഇവ കണ്ടെത്തുന്നതിന് വെള്ളിയാഴ്ച നടത്തിയ പരിശോധനകളിലാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള ബസുകള്‍ പിടിച്ചെടുത്തത്.
കേന്ദ്ര നിര്‍ദേശമനുസരിച്ച് അതിര്‍ത്തിയിലെ ചെക് പോസ്റ്റുകള്‍ നിര്‍ത്തിയതിനെ തുടര്‍ന്ന് വാഹന പരിശോധന നടക്കുന്നില്ലായിരുന്നു. ഇതിന്റെ മറവില്‍ നിയമലംഘനം പെരുകുകയും ദീര്‍ഘദൂര ബസുകള്‍ അപകടങ്ങളില്‍പ്പെടുന്നത് പതിവാകുകയും ചെയ്തപ്പോഴാണ് വെള്ളിയാഴ്ച സ്‌ക്വാഡുകള്‍ ഇറങ്ങി വാഹന പരിശോധന നടത്തിയത്.
തമിഴ്‌നാട്ടില്‍ നിന്നുള്ള മുപ്പതോളം ഓംനി ബസുകള്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ വെച്ച് പിടിച്ചെടുത്ത് കേരള ഗതാഗത വകുപ്പ് അധികൃതര്‍ 70 ലക്ഷം രൂപയിലേറെ പിഴ ചുമത്തിയതായാണ് തമിഴ്‌നാട് ഓംനി ബസ് ഓണേഴ്‌സ് അസോസിയേഷന്‍ പറയുന്നത്. ഇതില്‍ പ്രതിഷേധിച്ച് കേരളത്തിലേക്കുള്ള നൂറ്റമ്പതോളം ബസുകള്‍ വെള്ളിയാഴ്ച രാത്രി തന്നെ ഓട്ടം നിര്‍ത്തി.
ശനിയാഴ്ചയും ബസുകള്‍ സര്‍വീസ് നടത്തിയില്ല. ശബരിമല തീര്‍ഥാടകരും വാരാന്ത്യ അവധിക്ക് നാട്ടില്‍ പോകാന്‍ ടിക്കറ്റെടുത്തവരും ഉള്‍പ്പെടെയുള്ള യാത്രക്കാാണ് ഇതോടെ വലഞ്ഞത്. തമിഴ്‌നാട് ഓംനി ബസ് ഓണേഴ്‌സ് അസോസിയേഷനിലെ അംഗങ്ങളുടെ ഉടമസ്ഥതയില്‍ ആന്ധ്ര പ്രദേശ്, കേരള, കര്‍ണാടക, ഗോവ സംസ്ഥാനങ്ങളിലേക്കായി മൂവായിരത്തോളം വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്.