ന്യൂഡല്‍ഹി: ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുണ്ടായ സ്ഫോടനത്തില്‍ ഞെട്ടി രാജ്യം. തൊട്ടടുത്ത പ്രദേശമായ ഫരീദാബാദില്‍ ഒരു ഡോക്ടറുടെ പക്കല്‍ നിന്ന് വന്‍ സ്ഫോടക വസ്തു ശേഖരം പിടിച്ചെടുത്ത് മണിക്കൂറുകള്‍ക്കകം ഡല്‍ഹിയില്‍ സ്ഫോടനമുണ്ടായി എന്നത് സുരക്ഷാ ഏജന്‍സികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
ഫരീദാബാദില്‍ നിന്ന് ഒരു എകെ 47 റൈഫിളും 350 കിലോഗ്രാം സ്ഫോടക വസ്തുക്കളുമാണ് ജമ്മു കാശ്മീര്‍ പൊലീസ് കണ്ടെടുത്തത്. അനന്തനാഗിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ അധ്യാപകനായ ഡോ. അദീല്‍ അഹ്‌മദ് റാത്തറിന്റെ ലോക്കറില്‍ നിന്നാണ് എകെ 47 തോക്ക് കണ്ടെടുത്തത്.
അറസ്റ്റിലായ ഡോക്ടര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റ് സ്ഫോടക വസ്തുക്കളും വെടിക്കോപ്പുകളും പൊലീസ് കണ്ടെടുത്തതെന്നാണ് വിവരം.
എകെ 47 റൈഫിളും വെടിയുണ്ടകളും സൂക്ഷിക്കാന്‍ ഉപയോഗിച്ച കാര്‍ ഫരീദാബാദിലെ ഒരാശുപത്രിയില്‍ മുജമ്മില്‍ ഷക്കീല്‍ എന്ന ഡോക്ടര്‍ക്കൊപ്പം ജോലി ചെയ്യുന്ന വനിതാ ഡോക്ടറുടേതാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അമോണിയം നൈട്രൈറ്റെന്ന് സംശയിക്കുന്ന 350 കിലോ സ്ഫോടക വസ്തുക്കള്‍, 20 ടൈമറുകള്‍, മറ്റ് സംശയാസ്പദമായ വസ്തുക്കള്‍ എന്നിവയാണ് കാറിലുണ്ടായിരുന്നത്.
ഡല്‍ഹിയിലെ കാര്‍ സ്‌ഫോടനം ഭീകരാക്രമണം ആണെന്ന പ്രാഥമിക നിഗമനത്തിലാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍. അങ്ങനെയെങ്കില്‍ ഫരീദാബാദില്‍ നിന്ന് പിടികൂടിയ ഭീകരരുമായി ഈ സ്ഫോടനത്തിന് ബന്ധമുണ്ടോ എന്നതും, ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മറ്റേതെങ്കിലും സ്ലീപ്പര്‍ സെല്ലുകള്‍ക്ക് പങ്കുണ്ടോ എന്നതും അന്വേഷണ വിധേയമാക്കേണ്ടതുണ്ട്.