പൊട്ടിത്തെറിച്ച കാറിന്റെ ഉടമസ്ഥാവകാശം പലതവണ മാറി
ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപം കാര്‍ പൊട്ടിത്തെറിച്ച സമയത്ത് കാറില്‍ ഉണ്ടായിരുന്നത് ഒരാള്‍ മാത്രമെന്ന് നിഗമനം. നേരത്തെ മൂന്ന് പേര്‍ ഉണ്ടായിരുന്നുവെന്നായിരുന്നു പൊലീസ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളില്‍ കാറില്‍ ഒരാള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് സ്ഥിരീകരണം. കാര്‍ ഓടിച്ചിരുന്നത് ഫരീദാബാദില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഡോ. ഉമര്‍ മുഹമ്മദാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
കാര്‍ പൊട്ടിത്തെറിച്ച സ്ഥലത്ത് സാധാരണ ഗതിയില്‍ ബോംബ് സ്ഫോടനത്തില്‍ സംഭവിക്കാറുള്ളത് പോലുള്ള വലിയ ഗര്‍ത്തങ്ങളോ പെല്ലറ്റുകളോ ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാല്‍ സ്ഫോടന സ്ഥലത്ത് അമോണിയം നൈട്രേറ്റിന്റെ സാന്നിധ്യം കണ്ടെത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനയിലാണ് കണ്ടെത്തല്‍. കാറിലെ പൊട്ടിത്തെറി സിഎന്‍ജി ടാങ്കില്‍ നിന്നല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കാറിലുണ്ടായിരുന്നത് ഡോ. ഉമര്‍ മുഹമ്മദ് ആണെങ്കില്‍ ഇയാള്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടിരിക്കാം എന്ന നിഗമനത്തിലാണ് പൊലീസ്. ഇത് സ്ഥിരീകരിക്കാനായി ഡിഎന്‍എ പരിശോധനയടക്കം നടത്തും.
ജനത്തിരക്കേറിയ വൈകുന്നേരം വാഹനം ആള്‍ക്കൂട്ടങ്ങള്‍ക്ക് ഇടയിലുണ്ടായിരുന്നതായി ദൃശ്യങ്ങളില്‍ വ്യക്തമാണ്. സ്ഫോടനം നടന്നത് വൈകിട്ട് 6: 52 നാണ്. എന്നാല്‍ ഇതിന് മുന്‍പായി മൂന്ന് മണിക്കൂറോളം കാര്‍ ചെങ്കോട്ടയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്നു. കോട്ടയ്ക്ക് സമീപത്തെ സുനേരി മസ്ജിദിന് സമീപമായിരുന്നു വാഹനം പാര്‍ക്ക് ചെയ്തിരുന്നത്. വൈകുന്നേരം 3:19 ന് പാര്‍ക്കിങില്‍ വാഹനം എത്തുന്നതും സ്ഫോടനത്തിന് മിനിട്ടുകള്‍ക്ക് മുന്‍പായി 6:40 ന് തിരിച്ചുപോകുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്.
തുടക്കത്തില്‍ കാര്‍ ഓടിച്ചിരുന്ന വ്യക്തിയുടെ മുഖം കാണാനാകുന്നുണ്ടെങ്കിലും പിന്നീട് ഇയാള്‍ മാസ്‌ക് ധരിച്ച നിലയിലായിരുന്നു. പാര്‍ക്കിങിലേക്ക് വാഹനം വരുമ്പോവും തിരിച്ച് പോകുമ്പോഴും വാഹനത്തില്‍ ഇയാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. അന്വേഷണത്തിന്റെ ഭാഗമായി സമീപത്തെ ടോള്‍ പ്ലാസകളില്‍നിന്നടക്കം നൂറോളം സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്.
അതേസമയം പൊട്ടിത്തെറിച്ച കാറിന്റെ ഉടമസ്ഥാവകാശം പലതവണ മാറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കാറിന്റെ യഥാര്‍ത്ഥ ഉടമ തിങ്കളാഴ്ച രാത്രിയില്‍ അറസ്റ്റിലായ മുഹമ്മദ് സല്‍മാന്‍ ആണ്. ഇയാള്‍ കാര്‍ പിന്നീട് ഓഖ്‌ല സ്വദേശി ദേവേന്ദ്രയ്ക്ക് കൈമാറി. 2025 മാര്‍ച്ചിലായിരുന്നു ഇത്. ദേവേന്ദ്രയില്‍ നിന്ന് കാര്‍ പിന്നീട് ഹരിയാന സ്വദേശി നദീമിലേക്ക് എത്തി. നദീം ഫരീദാബാദിലെ റോയല്‍ കാര്‍ സോണ്‍ എന്ന യൂസ്ഡ് കാര്‍ ഡീലര്‍ സ്ഥാപനത്തിന് വിറ്റു. ഈ സ്ഥാപനത്തില്‍ നിന്നാണ് പുല്‍വാമ സ്വദേശിയായ താരിഖ് കാര്‍ വാങ്ങിയത്. ഇത് പിന്നീട് പുല്‍വാമ സ്വദേശി തന്നെയായ ഡോ. ഉമര്‍ മുഹമ്മദിലേക്ക് എത്തുകയായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.